ബ്രസീലിലേക്ക് പോവൂ :ഡി മരിയയോട് മുൻ അർജന്റൈൻ താരം.

പ്രായം ഒരല്പമായെങ്കിലും ഇപ്പോഴും തകർപ്പൻ പ്രകടനമാണ് അർജന്റീന സൂപ്പർതാരമായ എയ്ഞ്ചൽ ഡി മരിയ പുറത്തെടുക്കുന്നത്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം അർജന്റീന നേടിയപ്പോൾ അതിൽ തന്റേതായ പങ്കുവഹിക്കാൻ ഈ സൂപ്പർതാരത്തിന് കഴിഞ്ഞിരുന്നു.ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെതിരെ അദ്ദേഹം ഒരു ഗോൾ കണ്ടെത്തിയിരുന്നു. തന്റെ ക്ലബ്ബായ യുവന്റസിന് വേണ്ടിയും ഇപ്പോൾ മികച്ച രൂപത്തിൽ കളിക്കാൻ ഡി മരിയക്ക് സാധിക്കുന്നുണ്ട്.

തന്റെ കരിയർ അർജന്റൈൻ ക്ലബ്ബായ റൊസാരിയോ സെൻട്രലിൽ അവസാനിപ്പിക്കാനാണ് താൻ ആഗ്രഹിക്കുന്നത് എന്നുള്ള കാര്യം ഡി മരിയ മുമ്പ് തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാലിപ്പോൾ മുൻ അർജന്റൈൻ താരമായിരുന്ന അലജാൻഡ്രോ മങ്കുസോ ഡി മരിയക്ക് ചില ഉപദേശങ്ങൾ നൽകിയിട്ടുണ്ട്. അതായത് കരിയർ അവസാനിപ്പിക്കുന്നതിന് മുന്നേ ബ്രസീലിയൻ ക്ലബ്ബായ ഫ്ലമെങ്കോയിലേക്ക് ഡി മരിയ പോവണം എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇക്കാര്യം ഡി മരിയയോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും മങ്കുസോ കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഡി മരിയയെ കുറിച്ച് നിങ്ങൾ എന്നോട് ചോദിക്കുകയാണെങ്കിൽ അദ്ദേഹം ഫ്ലമെങ്കോയിലേക്ക് പോവണമെന്നാണ് ഞാൻ പറയുകയുള്ളൂ. 2010 വേൾഡ് കപ്പിൽ ഞാൻ ഡി മരിയക്കൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. അന്ന് അദ്ദേഹം യുവ താരമാണ്. പക്ഷേ ഇപ്പോൾ അദ്ദേഹം മറ്റൊരു ലെവലാണ്. വളരെ മികച്ച താരമായി മാറാൻ ഡി മരിയക്ക് കഴിഞ്ഞിട്ടുണ്ട്.നിങ്ങൾക്ക് ആവശ്യമുള്ള സമയത്ത് അദ്ദേഹം തിളങ്ങുക തന്നെ ചെയ്യും.ഗാബിഗോൾ,പെഡ്രോ,ഡി മരിയ എന്നിവർ ഒരുമിച്ച് ഫ്ലമെങ്കോയുടെ മുന്നേറ്റ നിരയിൽ കളിക്കുന്നത് ഒന്ന് ആലോചിച്ചു നോക്കൂ.20 ദിവസങ്ങൾക്കു മുന്നേ ഞാൻ ഡി മരിയയുമായി സംസാരിച്ചിരുന്നു. അർജന്റീനയിലേക്ക് തിരിച്ചു പോകുന്നതിനു മുന്നേ ഫ്ലമെങ്കോക്ക് വേണ്ടി കളിക്കണം എന്നുള്ള കാര്യം ഞാൻ അദ്ദേഹത്തെ നേരിട്ട് അറിയിച്ചിട്ടുണ്ട് ” മങ്കുസോ പറഞ്ഞു.

2010 വേൾഡ് കപ്പിൽ അർജന്റീനയെ പരിശീലിപ്പിച്ചിരുന്നത് മറഡോണയായിരുന്നു. അന്ന് അദ്ദേഹത്തോടൊപ്പം മങ്കുസോയും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *