ബ്രസീലിനെ തോൽപ്പിച്ചുള്ള മെസ്സിയുടെ കോപ്പ കിരീടനേട്ടം, റൊണാൾഡിഞ്ഞോ പറഞ്ഞതിങ്ങനെ!

ഒരു അന്താരാഷ്ട്ര കിരീടത്തിന് വേണ്ടിയുള്ള ഏറെ കാലത്തെ കാത്തിരിപ്പിന് സൂപ്പർ താരം ലയണൽ മെസ്സി വിരാമമിട്ടത് കഴിഞ്ഞ മാസമായിരുന്നു. മാരക്കാനയിൽ വെച്ച് നടന്ന കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു കൊണ്ടാണ് മെസ്സിയും അർജന്റീനയും കിരീടത്തിൽ മുത്തമിട്ടത്. അതിനോടനുബന്ധിച്ചുള്ള താരങ്ങളുടെ വാക്ക്പോരുകൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഏതായാലും ലയണൽ മെസ്സിയുടെ കോപ്പ അമേരിക്ക കിരീടധാരണത്തിലുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണിപ്പോൾ മെസ്സിയുടെ മുൻ സഹതാരവും ബ്രസീലിയൻ ഇതിഹാസവുമായ റൊണാൾഡിഞ്ഞോ. ബ്രസീലിന്റെ കാര്യത്തിൽ ദുഃഖമുണ്ടെന്നും എന്നാൽ സുഹൃത്തായ മെസ്സിക്ക് കിരീടം ലഭിച്ചത് തന്നെ സന്തോഷവാനാക്കുന്നു എന്നുമാണ് റൊണാൾഡിഞ്ഞോ അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ അർജന്റൈൻ മാധ്യമമായ ഡയാരിയോ ഒലെ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

” ബ്രസീൽ കോപ്പ അമേരിക്ക ഫൈനലിൽ പരാജയപ്പെട്ടതിൽ ഞാൻ ദുഃഖവാനാണ്.പക്ഷേ മെസ്സി കിരീടം നേടിയതിൽ ഞാൻ സന്തോഷവാനുമാണ്. എന്തെന്നാൽ അദ്ദേഹത്തിന് അർജന്റീന ടീമിനൊപ്പം ഒരു കിരീടം നേടണമായിരുന്നു. എന്റെ സുഹൃത്തിന്റെ സന്തോഷം എന്റെയും സന്തോഷമാണ് ” ഇതാണ് റൊണാൾഡിഞ്ഞോ ഇതേ കുറിച്ച് പറഞ്ഞിട്ടുള്ളത്. മെസ്സിയുടെ കരിയറിന്റെ തുടക്കകാലത്ത് റൊണാൾഡിഞ്ഞോക്കൊപ്പം മെസ്സി കളിച്ചിട്ടുണ്ട്. മെസ്സിയുടെ ബാഴ്‌സ ജേഴ്സിയിലെ ആദ്യഗോളിന് വഴിയൊരുക്കിയത് റൊണാൾഡിഞ്ഞോയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *