ബാഴ്‌സ-അർജന്റീന ഇതിഹാസതാരം മഷെരാനോയും വിരമിച്ചു !

ബാഴ്‌സയുടെയും അർജന്റീനയുടെയും ഐതിഹാസിക താരം ഹവിയർ മഷെരാനോയും ബൂട്ടഴിച്ചു.മുപ്പത്തിയാറുകാരനായ താരം കുറച്ചു മുമ്പാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. അർജന്റൈൻ ക്ലബായ എസ്റ്റുഡിയാന്റസിന് വേണ്ടി കളിക്കുകയായിരുന്നു താരം. ഇന്നലെ അർജന്റീനോസ് ജൂനിയേഴ്സിനോട് തോൽവി അറിഞ്ഞതിനു പിന്നാലെയുള്ള പത്രസമ്മേളനത്തിലാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്. അർജന്റൈൻ ക്ലബായ റിവർപ്ലേറ്റിലൂടെയായിരുന്നു മഷെരാനോ തന്റെ കരിയർ ആരംഭിച്ചത്. ഡിഫൻസീവ് മിഡ്‌ഫീൽഡറായും സെന്റർ ബാക്കായും ഒരുപോലെ തിളങ്ങാൻ താരത്തിന് സാധിക്കുമായിരുന്നു. പിന്നീട് ബ്രസീലിയൻ ക്ലബ് കൊറിന്ത്യൻസിലും പ്രീമിയർ ലീഗ് ക്ലബ് വെസ്റ്റ്ഹാമിലും കളിച്ച ശേഷമാണ് താരം ലിവർപൂളിൽ എത്തുന്നത്. അവിടെ നിന്ന് 2010-ൽ പെപ് ഗ്വാർഡിയോളയുടെ ബാഴ്സയിലേക്ക് താരം ചേക്കേറി. കരിയറിലെ ഏറ്റവും മികച്ച കാലഘട്ടമായിരുന്നു അത്.

ജെറാർഡ് പിക്വേക്കൊപ്പം സെന്റർ ഡിഫൻഡർ പൊസിഷനിൽ താരം കളിക്കാൻ തുടങ്ങിയത് ബാഴ്സയിൽ വെച്ചാണ്. എട്ട് സീസൺ ബാഴ്‌സയിൽ തുടർന്ന താരം 334 മത്സരങ്ങൾ ആകെ ബാഴ്സക്ക്‌ വേണ്ടി കളിച്ചു. അഞ്ച് ലാലിഗയും രണ്ട് ചാമ്പ്യൻസ് ലീഗും താരം ഇക്കാലയളവിൽ നേടി. പിന്നീട് 2018-ൽ ചൈനീസ് ക്ലബായ ഹെബെയ്‌ ചൈനയിലേക്ക് കൂടുമാറി. അവിടെ നിന്നും എസ്റ്റുഡിയാന്റസിൽ എത്തിയ താരം അവിടെ തന്നെ വിരമിക്കുകയായിരുന്നു. ബാഴ്‌സക്ക്‌ വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച മൂന്നാമത്തെ വിദേശതാരമാണ് മഷെരാനോ. മെസ്സി, ആൽവെസ് എന്നിവരാണ് മുന്നിലുള്ളത്. അർജന്റീനക്ക്‌ വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാണ് മഷെരാനോ. 147 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. രണ്ടാം സ്ഥാനത്ത്‌ മെസ്സിയാണ്. 2014-ലെ വേൾഡ് കപ്പ് റണ്ണേഴ്‌സ് ടീമിൽ താരമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *