ബാറ്റിയെ തകർത്തു,മത്തേവൂസിനൊപ്പമെത്തി,റെക്കോർഡുകൾ കൊണ്ട് അമ്മാനമാടി മെസ്സി!

ഖത്തർ വേൾഡ് കപ്പിൽ നടന്ന ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്തു തരിപ്പണമാക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന വിജയം നേടിയത്. രണ്ട് ഗോളുകൾ നേടിയ ഹൂലിയൻ ആൽവരസാണ് അർജന്റൈൻ നിരയിൽ തിളങ്ങിയത്. ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ മെസ്സിയും കളം നിറഞ്ഞു കളിച്ചു.

ഇന്നലത്തെ മത്സരത്തോടുകൂടി പല റെക്കോർഡുകളും ലയണൽ മെസ്സി സ്വന്തമാക്കിയിരുന്നു. അതിലൊന്നാണ് വേൾഡ് കപ്പ് ചരിത്രത്തിൽ അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ്.11 ഗോളുകളാണ് മെസ്സി വേൾഡ് കപ്പിൽ അർജന്റീനക്ക് വേണ്ടി ആകെ നേടിയിട്ടുള്ളത്. 10 ഗോളുകൾ നേടിയിട്ടുള്ള ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയെയാണ് ഇക്കാര്യത്തിൽ മെസ്സി മറികടന്നിട്ടുള്ളത്.ഈ വേൾഡ് കപ്പിൽ മാത്രമായി കൊണ്ട് മെസ്സി അഞ്ചു ഗോളുകൾ ഇപ്പോൾ നേടിയിട്ടുണ്ട്.

മാത്രമല്ല ലയണൽ മെസ്സി മറ്റൊരു റെക്കോർഡിനൊപ്പം എത്തിയിട്ടുണ്ട്. വേൾഡ് കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുള്ള താരമെന്ന റെക്കോർഡ് ആണ് മെസ്സി പങ്കുവെക്കുന്നത്.25 മത്സരങ്ങളാണ് മെസ്സി കളിച്ചിട്ടുള്ളത്. ജർമ്മൻ ഇതിഹാസമായ ലോതർ മത്തേവൂസിനൊപ്പമാണ് മെസ്സി ഈ റെക്കോർഡ് ഇപ്പോൾ പങ്കിടുന്നത്.

ഫൈനൽ മത്സരത്തിൽ കളിക്കുന്നതോടുകൂടി ഈ റെക്കോർഡ് സ്വന്തം പേരിലേക്ക് മാത്രമായി മാറ്റാൻ മെസ്സിക്ക് സാധിക്കും.ഇന്നലത്തെ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം മെസ്സിയായിരുന്നു സ്വന്തമാക്കിയിരുന്നത്.ഈ വേൾഡ് കപ്പിൽ നാലാം തവണയാണ് മെസ്സി മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കുന്നത്. അതും റെക്കോർഡ് തന്നെയാണ്. ചുരുക്കത്തിൽ റെക്കോർഡുകൾ കൊണ്ട് അമ്മാനമാടുന്ന മെസ്സിയെയാണ് നമുക്ക് ഈ ഒരു വേൾഡ് കപ്പിൽ കാണാൻ കഴിയുക. വേൾഡ് കപ്പ് കിരീടം കൂടി നേടിക്കഴിഞ്ഞാൽ മെസ്സിക്ക് സമ്പൂർണ്ണനായി മടങ്ങാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *