ഫൈനലിസിമയിൽ മെസ്സിയുമായി ഏറ്റുമുട്ടാൻ ആഗ്രഹിക്കുന്നു:യമാൽ
ഫുട്ബോൾ ലോകത്തെ രണ്ട് ഫൈനൽ മത്സരങ്ങൾ നാളെയാണ് അരങ്ങേറുന്നത്.യൂറോ കപ്പിലെ കലാശ പോരാട്ടത്തിൽ ഇംഗ്ലണ്ടും സ്പെയിനും തമ്മിലാണ് ഏറ്റുമുട്ടുക. നാളെ അർദ്ധരാത്രി ഇന്ത്യൻ സമയം 12:30ന് ജർമ്മനിയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.അതേസമയം കോപ്പ അമേരിക്ക ഫൈനലും നാളെ തന്നെയാണ് നടക്കുന്നത്.
അമേരിക്കയിൽ ഞായറാഴ്ചയാണെങ്കിലും ഇന്ത്യൻ സമയത്തിലേക്ക് വരുമ്പോൾ അത് തിങ്കളാഴ്ച പുലർച്ചെ 5:30നാണ് കോപ്പ അമേരിക്ക ഫൈനൽ നടക്കുന്നത്. നിലവിലെ ജേതാക്കളായ അർജന്റീനയുടെ എതിരാളികൾ കൊളംബിയയാണ്.ഈ രണ്ട് കിരീടങ്ങളും നേടുന്നവരാണ് 2025 ഫൈനലിസിമയിൽ ഏറ്റുമുട്ടുക.ആ ഫൈനലിസിമയിൽ മെസ്സിക്കെതിരെ കളിക്കാൻ ആഗ്രഹിക്കുന്നു എന്നുള്ളത് യമാൽ ഇപ്പോൾ തുറന്ന് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“മെസ്സി കോപ്പ അമേരിക്ക കിരീടം നേടുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.അതുപോലെതന്നെ ഞങ്ങൾക്ക് ഈ യൂറോകപ്പ് നേടാൻ കഴിയുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. അങ്ങനെയാണെങ്കിൽ ഫൈനലിസിമയിൽ എനിക്ക് അദ്ദേഹത്തിനെതിരെ കളിക്കാൻ സാധിക്കുമല്ലോ ” ഇതാണ് യമാൽ പറഞ്ഞിട്ടുള്ളത്
കഴിഞ്ഞ തവണത്തെ ഫൈനലിസിമ കിരീടം സ്വന്തമാക്കിയത് അർജന്റീനയാണ്.യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയെ തോൽപ്പിച്ചു കൊണ്ടായിരുന്നു അർജന്റീന കിരീടം സ്വന്തമാക്കിയത്