ഫുട്ബോളാണ് എനിക്കെല്ലാം നൽകിയത്: വൈകാരിക പ്രസംഗവുമായി റിക്വൽമി

അർജന്റീനയുടെയും ബൊക്ക ജൂനിയേഴ്സിന്റെയും ഇതിഹാസമായ യുവാൻ റോമൻ റിക്വൽമിയുടെ വിടവാങ്ങൽ മത്സരമായിരുന്നു ഇന്നലെ സംഘടിപ്പിക്കപ്പെട്ടിരുന്നത്. അർജന്റീന ദേശീയ ടീമും ബൊക്ക ജൂനിയേഴ്സും തമ്മിലായിരുന്നു മത്സരം. സൂപ്പർ താരം ലയണൽ മെസ്സി ഉൾപ്പെടെയുള്ളവർ ഈ മത്സരത്തിൽ പങ്കെടുത്തിരുന്നു. നിരവധി ആരാധകരായിരുന്നു ഈ മത്സരം വീക്ഷിക്കാൻ തടിച്ചു കൂടിയിരുന്നത്.

ഈ മത്സരത്തിനു ശേഷം വളരെ വൈകാരികമായ ഒരു പ്രസംഗം റിക്വൽമി നടത്തിയിട്ടുണ്ട്. നിരവധി കാര്യങ്ങളൊക്കെ കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്.ഫുട്ബോളാണ് തനിക്കെല്ലാം നൽകിയത് എന്നാണ് റിക്വൽമി പറഞ്ഞിട്ടുള്ളത്. മരണംവരെ താനൊരു ഫുട്ബോൾ താരമായിരിക്കുമെന്നും റിക്വൽമി കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകളെ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഒരു ഫുട്ബോൾ താരമാവുക എന്നുള്ളത് കുട്ടിക്കാലം തൊട്ടേയുള്ള എന്റെ സ്വപ്നമായിരുന്നു. മറ്റുള്ളവർ നൽകുന്നതിനേക്കാൾ കൂടുതൽ സന്തോഷം എനിക്ക് നൽകിയത് ഫുട്ബോൾ മാത്രമാണ്. എന്റെ പിതാവാണ് എന്നെ ഒരു ഫുട്ബോൾ താരമാക്കിയത്.ഞാൻ മരണപ്പെടുമ്പോഴും ഒരു ഫുട്ബോൾ താരം തന്നെയായിരിക്കും. ഞാൻ എപ്പോഴും ദൈവത്തോട് പ്രാർത്ഥിക്കാറുള്ളത് ഈയൊരു ബന്ധം എന്നും മുന്നോട്ടു കൊണ്ടുപോകാൻ വേണ്ടിയാണ്. എനിക്ക് ഇതൊന്നുമില്ലാതെ ജീവിക്കാൻ പറ്റില്ല. ഞാൻ ഫുട്ബോളിനെയും ഈ ആരാധകരെയും വളരെയധികം സ്നേഹിക്കുന്നു. എല്ലാത്തിനും വളരെയധികം നന്ദി ” ഇതാണ് റിക്വൽമി പറഞ്ഞിട്ടുള്ളത്.

ഇന്നലത്തെ വിടവാങ്ങൽ മത്സരത്തിൽ റിക്വൽമി ബൊക്ക ജൂനിയേഴ്സിന് വേണ്ടി ഗോൾ നേടിയിരുന്നു. അർജന്റീന ദേശീയ ടീമിന് വേണ്ടി 116 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് റിക്വൽമി.കരിയറിന്റെ ഭൂരിഭാഗം സമയവും ബൊക്ക ജൂനിയേഴ്സിന് വേണ്ടി കളിച്ചിട്ടുള്ള അദ്ദേഹം സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *