പോർച്ചുഗൽ ക്യാപ്റ്റൻ ആര്? തീരുമാനം പ്രഖ്യാപിച്ച് പുതിയ കോച്ച്!

ഇന്ന് യൂറോ യോഗ്യതയിൽ നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ പോർച്ചുഗൽ കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.ലിച്ചൻസ്റ്റെയിനാണ് പോർച്ചുഗലിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:15ന് പോർച്ചുഗലിന്റെ മൈതാനത്ത് വെച്ചാണ് ഈ ഒരു മത്സരം നടക്കുക. പുതിയ പരിശീലകനായ റോബർട്ടോ മാർട്ടിനസിന്റെ കീഴിലുള്ള ആദ്യത്തെ മത്സരമാണ് ഇന്ന് പോർച്ചുഗൽ കളിക്കുക.

ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ നിരവധി കാര്യങ്ങളെക്കുറിച്ച് റോബെർട്ടോ മാർട്ടിനസ് സംസാരിച്ചിട്ടുണ്ട്. കൂട്ടത്തിൽ പോർച്ചുഗലിന്റെ ക്യാപ്റ്റൻ ആര് എന്നുള്ള തീരുമാനവും പരിശീലകൻ പ്രഖ്യാപിച്ചിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് ഇദ്ദേഹം ആദ്യം പ്രഖ്യാപിച്ചത്. അതിനുശേഷം റൂയി പാട്രിഷിയോ,ബെർണാഡോ സിൽവ എന്നിവരെയാണ് ക്യാപ്റ്റൻമാരായി കൊണ്ട് മാർട്ടിനസ് പ്രഖ്യാപിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നിലവിൽ ദേശീയ ടീമിൽ ഏറ്റവും കൂടുതൽ പരിചയസമ്പത്തുള്ള താരങ്ങളാണ് ക്യാപ്റ്റന്മാരായിക്കൊണ്ട് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോ,റൂയി പാട്രിഷിയോ,ബെർണാഡോ സിൽവ എന്നിവരായിരിക്കും ടീമിന്റെ ക്യാപ്റ്റന്മാർ.ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നുള്ളത് ഈ മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നുള്ളതാണ്.ഇതൊരു യോഗ്യതാ മത്സരമാണ്. പിഴവുകളുടെ എണ്ണങ്ങൾ പരമാവധി കുറക്കണം.വിജയിച്ചു കൊണ്ട് വളരുക എന്നുള്ളതാണ് നമ്മൾ ചെയ്യേണ്ടത്.എന്നെ ഈ ടീമിൽ ഏറ്റവും അത്ഭുതപ്പെടുത്തിയ ഘടകം എന്തെന്നാൽ താരങ്ങൾക്ക് എല്ലാവർക്കും ഒരുപാട് കമ്മിറ്റ്മെന്റ് ഉണ്ട് എന്നുള്ളതാണ് ” ഇതാണ് റോബെർട്ടോ മാർട്ടിനസ് പറഞ്ഞിട്ടുള്ളത്.

ഇന്നത്തെ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടെങ്കിൽ അദ്ദേഹം തന്നെയായിരിക്കും ക്യാപ്റ്റൻ സ്ഥാനം വഹിക്കുക.ക്രിസ്റ്റ്യാനോ റൊണാൾഡോ വളരെ പ്രധാനപ്പെട്ട താരമാണെന്നും അദ്ദേഹത്തിന്റെ എക്സ്പീരിയൻസ് തങ്ങൾക്ക് വളരെയധികം ഗുണം ചെയ്യുമെന്നും ഈ പത്രസമ്മേളനത്തിൽ മാർട്ടിനസ് കൂട്ടിച്ചേർത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *