പെനാൽറ്റികൾ എനിക്ക് കേവലമൊരു തമാശ മാത്രം: എമിലിയാനോ മാർട്ടിനസ് പറയുന്നു.
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അർജന്റീനയെ നിർണായക സമയങ്ങളിൽ എല്ലാം രക്ഷിച്ചെടുക്കാൻ അവരുടെ ഗോൾകീപ്പറായ എമി മാർട്ടിനസിന് സാധിച്ചിരുന്നു. രണ്ട് പെനാൽറ്റി ഷൂട്ടൗട്ടുകളിലാണ് അദ്ദേഹം അർജന്റീനയുടെ രക്ഷകനായത്.നെതർലാന്റ്സ്,ഫ്രാൻസ് എന്നിവർക്കെതിരെയുള്ള മത്സരങ്ങളിൽ ഈ ഗോൾ കീപ്പറുടെ മനസ്സാന്നിധ്യമാണ് അർജന്റീനയെ രക്ഷിച്ചത്.
പെനാൽറ്റി ഷൂട്ടൗട്ടുകളിലെ തന്റെ മികവിനെ കുറിച്ച് ഇപ്പോൾ ഈ ഗോൾകീപ്പർ സംസാരിച്ചിട്ടുണ്ട്. പെനാൽറ്റികളിൽ തനിക്ക് സമ്മർദ്ദം ഒന്നും അനുഭവപ്പെടാറില്ലെന്നും മറിച്ച് കേവലം ഒരു തമാശയായി കൊണ്ട് മാത്രമാണ് താൻ പെനാൽറ്റികളെ പരിഗണിക്കാറുള്ളത് എന്നുമാണ് എമി പറഞ്ഞിട്ടുള്ളത്.AFA എസ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഈ ഗോൾകീപ്പർ.എമിയുടെ വാക്കുകൾ ഇങ്ങനെയാണ്.
Emiliano Dibu Martínez: “Penalties are my time to disconnect”. https://t.co/Bhnz6V3UYJ pic.twitter.com/86aBGoqgyS
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) March 27, 2023
” വേൾഡ് കപ്പ് ഫൈനലിനു മുന്നേ ഡ്രസ്സിംഗ് റൂമിൽ ഇരുന്നുകൊണ്ട് ഞാൻ കരയുകയായിരുന്നു.എന്തൊക്കെ സംഭവിച്ചാലും ഞാൻ അഭിമാനം കൊള്ളും എന്നുള്ള കാര്യം എന്റെ സഹതാരങ്ങളോട് ഞാൻ പറഞ്ഞു. ആ മത്സരത്തിൽ എന്റെ ജീവൻ തന്നെ സമർപ്പിക്കാൻ ഞാൻ ഒരുക്കമായിരുന്നു. എനിക്ക് പരിക്കേൽക്കുന്നത് വരെ ഞാൻ സർവ്വതും നൽകിക്കൊണ്ടിരിക്കും.പെനാൽറ്റികൾ എനിക്ക് ഡിസ്കണക്ട് ചെയ്യാനുള്ള സമയമാണ്.അത് എനിക്ക് കേവലം ഒരു തമാശ മാത്രമാണ്.പെനാൽറ്റികളിൽ എനിക്ക് സമ്മർദ്ദം ഒന്നും അനുഭവപ്പെടാറില്ല. മറിച്ച് പെനാൽറ്റി എടുക്കുന്ന ആളുകൾക്ക് ഞാൻ സമ്മർദ്ദം നൽകും.വാൻ ഡൈക്കിന്റെ പെനാൽറ്റികളെ കുറിച്ച് എനിക്ക് നേരത്തെ അറിയാമായിരുന്നു.അദ്ദേഹം ഉയർത്തിയാണ് അടിക്കാറുള്ളത്. അതുകൊണ്ടുതന്നെ ഞാൻ വളരെയധികം സ്ട്രെച്ച് ചെയ്തിരുന്നു. അത് എന്റെ ഹിപ്പിന് പരിക്കു വരുത്തി. അതിപ്പോഴും വേദനിക്കുന്നുണ്ട് “അർജന്റീന ഗോൾകീപ്പർ പറഞ്ഞു.
ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം എമിയായിരുന്നു സ്വന്തമാക്കിയിരുന്നത്.എന്നാൽ അദ്ദേഹത്തിന്റെ പെനാൽറ്റികളിലെ പ്രവർത്തി വലിയ ചർച്ചയായിരുന്നു. അതിന്റെ ഫലമായി കൊണ്ട് ഇപ്പോൾ നിയമങ്ങളിൽ ഇഫാബ് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.