പരിക്ക്, വിശദീകരണം നൽകി എമിലിയാനോ മാർട്ടിനെസ്!
ഇന്നത്തെ കൊളംബിയക്കെതിരെയുള്ള മത്സരത്തിൽ അർജന്റീനക്ക് ഏറ്റവും കൂടുതൽ തിരിച്ചടിയേൽപ്പിച്ച കാര്യങ്ങളിൽ ഒന്ന് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ പരിക്കായിരുന്നു. മത്സരത്തിന്റെ 40-ആം മിനുട്ടിലാണ് അദ്ദേഹം തലയടിച്ച് വീണ കാരണത്താൽ പുറത്തേക്ക് പോവുന്നത്. അതിന് ശേഷമാണ് അർജന്റീന രണ്ട് ഗോളുകൾ വഴങ്ങിയതും. മികച്ച രൂപത്തിൽ കളിച്ചു കൊണ്ടിരിക്കെയാണ് മാർട്ടിനെസിന് പരിക്ക് വില്ലനാവുന്നത്. എന്നാൽ തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് മാർട്ടിനെസ് അറിയിച്ചിട്ടുണ്ട്. ശക്തമായി ഇടിച്ചെന്നും ആ സമയത്ത് കുറച്ചു നേരം താൻ അബോധാവസ്ഥയിലായിരുന്നുവെന്നും അതിനാലാണ് കളം വിടേണ്ടി വന്നത് എന്നുമാണ് എമിലിയാനോ വിശദീകരിച്ചത്.
Argentina goalkeeper Emiliano Martinez: "I'm better, it was a strong hit." https://t.co/LKMW9WCyFy
— Mundo Albiceleste 🇦🇷 (@MundoAlbicelest) June 9, 2021
” എനിക്കിപ്പോൾ കുഴപ്പമൊന്നുമില്ല.നല്ല ശക്തമായ രീതിയിൽ ഇടിച്ചിരുന്നു. ഡോക്ടർമാർ അവരുടെ ജോലി ഭംഗിയായി നിർവഹിച്ചു.തീർച്ചയായും എനിക്ക് കളിക്കണം എന്ന് തന്നെയായിരുന്നു ആഗ്രഹം.മത്സരം സമനിലയിൽ കലാശിച്ചത് എന്നെ വേദനിപ്പിച്ചു.ചെറിയൊരു അസ്വസ്ഥത ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ കുഴപ്പമില്ല.എന്നെ അവർ പുറത്തേക്ക് കൊണ്ട് പോവാൻ കാരണം ഞാൻ കുറച്ചു നേരം അബോധാവസ്ഥയിലായിരുന്നു.എന്റെ കഴുത്തിന്റെ പിന്നിലാണ് വേദന അനുഭവപ്പെട്ടത്. പക്ഷേ എന്റെ ദേഷ്യവും കരച്ചിലുമെല്ലാം വേദന കൊണ്ടായിരുന്നില്ല.മറിച്ച് അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടിയുള്ള കേവലം രണ്ടാമത്തെ മത്സരത്തിലാണ് എനിക്കിത് സംഭവിച്ചത്. അതോർത്തിട്ടായിരുന്നു.എനിക്കൊരിക്കലും പുറത്തേക്ക് പോവാൻ ആഗ്രഹമുണ്ടായിരുന്നില്ല. പക്ഷേ ഡോക്ടർമാർ അവരുടെ ജോലി ആണ് ചെയ്തത് ” എമിലിയാനോ മാർട്ടിനെസ് പറഞ്ഞു.