നെയ്മർക്കെതിരെ ഫലിച്ചില്ല, മെസ്സിക്കെതിരെയും കൂടോത്രം ചെയ്ത് പെറുവിയൻ മന്ത്രവാദികൾ!
വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ നാളെ നടക്കുന്ന നാലാം മത്സരത്തിൽ കരുത്തരായ അർജന്റീന കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.പെറുവാണ് അർജന്റീനയുടെ എതിരാളികൾ. നാളെ രാവിലെ ഇന്ത്യൻ സമയം 7:30നാണ് ഈയൊരു മത്സരം നടക്കുക.പെറുവിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് അർജന്റീന ഈ മത്സരം കളിക്കുക.
കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ പെറുവും ബ്രസീലും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ആ മത്സരത്തിനു മുന്നേ തന്നെ പെറുവിലെ ഒരു കൂട്ടം മന്ത്രവാദികൾ വാർത്തകളിൽ ഇടം നേടിയിരുന്നു.അതായത് ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർക്കെതിരെ അവർ കൂടോത്രം നടത്തിയിരുന്നു.അതിന്റെ വീഡിയോ ദൃശ്യങ്ങളൊക്കെ പുറത്തേക്ക് വരികയും ചെയ്തിരുന്നു. പക്ഷേ യഥാർത്ഥത്തിൽ ആ കൂടോത്രം ഫലിച്ചില്ല എന്ന് പറയേണ്ടിവരും. മത്സരത്തിൽ നെയ്മർ ഒരു അസിസ്റ്റ് നേടുകയും ഫലമായി ബ്രസീൽ പെറുവിനെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.
طقوس جماهير البيرو في محاولة لهزم الأرجنتين pic.twitter.com/0PUDEO19ll
— Messi Xtra (@M30Xtra) October 16, 2023
എന്നാൽ പെറുവിയൻ മന്ത്രവാദികൾ ഈ കൂടോത്രം അവസാനിപ്പിക്കാൻ തയ്യാറായിട്ടില്ല. മറിച്ച് ഇത്തവണ അർജന്റീനയുടെ നായകനായ ലയണൽ മെസ്സിക്കെതിരെ ഇവർ കൂടോത്രം ചെയ്തിട്ടുണ്ട്. അതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രമുഖ അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സ് പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ഒരു കൂട്ടം മന്ത്രവാദികൾ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് ലയണൽ മെസ്സിയുടെ ചിത്രത്തിൽ അടിക്കുന്നത് കാണാം. അതുപോലെതന്നെ ലയണൽ മെസ്സിയുടെ ഒരു ഡോൾ അഥവാ പാവ നിർമ്മിച്ചുകൊണ്ട് മന്ത്രവാദങ്ങൾ ചെയ്യുന്നതും ഈ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
ഏതായാലും മെസ്സിക്കെതിരെ ഈ മന്ത്രവാദങ്ങൾ ഫലിക്കുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. മത്സരത്തിൽ മെസ്സി തുടക്കം തൊട്ടേ കളിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.അവസാനമായി കളിച്ച നാലു മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ കഴിയാതെയാണ് പെറു വരുന്നത്. കഴിഞ്ഞ മത്സരത്തിൽ ചിലിയോട് അവർ രണ്ടു ഗോളുകൾക്ക് തോറ്റിരുന്നു. അതുകൊണ്ടുതന്നെ പെറുവിനെ തോൽപ്പിക്കുക എന്നുള്ളത് അർജന്റീനയെ സംബന്ധിച്ചിടത്തോളം അത്ര ബുദ്ധിമുട്ടായി അനുഭവപ്പെടാൻ സാധ്യതയില്ല.