നെയ്മറുടെ റോൾ ആര് വഹിക്കുമെന്ന കാര്യത്തിൽ പേടി വേണ്ട: ബ്രസീൽ പരിശീലകൻ.

കോൺമെബോൾ വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ നാളെ നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ ബ്രസീൽ കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. കരുത്തരായ കൊളംബിയയാണ് ബ്രസീലിന്റെ എതിരാളികൾ. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5:30ന് കൊളംബിയയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ബ്രസീലിനെ സംബന്ധിച്ചിടത്തോളം വിജയം അനിവാര്യമായ ഒരു സാഹചര്യമാണിത്.

കഴിഞ്ഞ ഉറുഗ്വക്കെതിരെയുള്ള മത്സരത്തിൽ ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അദ്ദേഹം ഇപ്പോൾ സർജറി പൂർത്തിയാക്കി വിശ്രമത്തിലാണ്. നെയ്മറുടെ അഭാവം ബ്രസീലിന് തിരിച്ചടിയാണ്. എന്നാൽ നെയ്മറുടെ റോൾ ആരു വഹിക്കുമെന്ന കാര്യത്തിൽ ആരും പേടിക്കേണ്ടതില്ലെന്ന് ബ്രസീലിന്റെ പരിശീലകനായ ഫെർണാണ്ടോ ഡിനിസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകളെ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” പ്രതിഭകളാൽ സമ്പന്നമായ ഒരു ജനറേഷൻ തന്നെ ഞങ്ങൾക്കുണ്ട്. നെയ്മറുടെ റോൾ ഏറ്റെടുക്കാൻ ഒരുപാട് താരങ്ങൾക്ക് സാധിക്കും.പക്ഷേ ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ സ്വയം പ്രഷറിലാവരുത് എന്നതാണ്. താരങ്ങൾ സമ്മർദ്ദങ്ങൾ ഇല്ലാതെ കളിച്ചാൽ മാത്രമേ അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തേക്ക് വരികയുള്ളൂ.ബാഴ്സലോണക്ക് വേണ്ടി കളിക്കുന്ന റാഫീഞ്ഞ,റയൽ മാഡ്രിഡിന് വേണ്ടി കളിക്കുന്ന വിനീഷ്യസ്,റോഡ്രിഗോ,ആഴ്സണലിന് വേണ്ടി കളിക്കുന്ന മാർട്ടിനെല്ലി,ജീസസ് എന്നിവർക്കൊക്കെ തന്നെയും ഈ റോൾ ഏറ്റെടുക്കാൻ കഴിയും.അതുകൊണ്ടുതന്നെ നെയ്മറുടെ റോൾ ആരു വഹിക്കുമെന്ന കാര്യത്തിൽ ആരും തന്നെ പേടിക്കേണ്ടതില്ല ” ഇതാണ് ബ്രസീലിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ മാസത്തെ മത്സരങ്ങളിൽ വെനിസ്വേലയോട് ബ്രസീൽ സമനില വഴങ്ങുകയും ഉറുഗ്വയോട് ബ്രസീൽ തോൽവി വഴങ്ങുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഒരു ഉയർത്തെഴുന്നേൽപ്പ് ബ്രസീലിന് അത്യാവശ്യമാണ്. കൊളംബിയക്കെതിരെയുള്ള മത്സരത്തിനുശേഷം ബ്രസീൽ അർജന്റീനക്കെതിരെയാണ് കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *