നിരവധി മാറ്റങ്ങൾ വരുത്താൻ സ്‌കലോണി,അടുത്ത മത്സരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് അർജന്റീന!

കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന വെനിസ്വേലയെ പരാജയപ്പെടുത്തിയത്. ഇനി അർജന്റീനയുടെ എതിരാളികൾ ഇക്വഡോറാണ്. ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5 മണിക്ക് ഇക്വഡോറിന്റെ മൈതാനത്ത് വെച്ചാണ് അർജന്റീന ഈ മത്സരം കളിക്കുക.

ഈ മത്സരത്തിന് മുന്നോടിയായുള്ള ആദ്യഘട്ട പരിശീലനം അർജന്റീന കഴിഞ്ഞ ദിവസം എസെയ്സയിൽ പൂർത്തിയാക്കി. ഏറ്റവും ആശ്വാസകരമായ കാര്യമെന്തെന്നാൽ എല്ലാ താരങ്ങളെയും സ്‌കലോണിക്ക് ലഭ്യമാണ് എന്നുള്ളതാണ്. അതുമാത്രമല്ല സസ്പെൻഷൻ അവസാനിച്ച സൂപ്പർ താരം ഗോൺസാലോ മോണ്ടിയേലിനെയും സ്‌കലോണിക്ക് ലഭ്യമാണ്.

വരുന്ന മത്സരത്തിൽ നിരവധി മാറ്റങ്ങൾ വരുത്താൻ സ്‌കലോണി ആലോചിക്കുന്നുണ്ട് എന്നാണ് പ്രമുഖ അർജന്റൈൻ മാധ്യമമായ TYC സ്പോർട്സ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഗോൾകീപ്പർ സ്ഥാനത്ത് ഫ്രാങ്കോ അർമാനിക്ക് പകരം യുവാൻ മുസ്സോ വന്നേക്കും.ജർമൻ പെസല്ലയുടെ സ്ഥാനത്ത് ലുകാസ് മാർട്ടിനെസ് ക്വാർട്ട,മാക്ക് ആല്ലിസ്റ്ററുടെ സ്ഥാനത്ത് എക്സിയേൽ പലാസിയോസ്,നിക്കോളാസ് ഗോൺസാലസിന്റെ സ്ഥാനത്ത് എയ്ഞ്ചൽ ഡി മരിയ,വോക്കിൻ കൊറേയയുടെ സ്ഥാനത്ത് ജൂലിയൻ ആൽവരസ് എന്നിവർ ഇടം നേടിയെക്കും.

ഏതായാലും TYC സ്പോർട്സ് നൽകുന്ന സാധ്യത ഇലവൻ ഇങ്ങനെ..

യുവാൻ മുസ്സോ,നഹുവെൽ മൊളീന,മാർട്ടിനെസ് ക്വാർട്ട,നിക്കോളാസ് ഓട്ടമെന്റി,നിക്കോളാസ് ടാഗ്ലിയാഫിക്കോ,റോഡ്രിഗോ ഡി പോൾ,ലിയാൻഡ്രോ പരേഡസ്,പലാസിയോസ്,ലയണൽ മെസ്സി,ജൂലിയൻ ആൽവരസ്,എയ്ഞ്ചൽ ഡി മരിയ.

ഇതാണ് നിലവിലെ അർജന്റീനയുടെ സാധ്യത ഇലവൻ. ഒരുപക്ഷേ വരും ദിവസങ്ങളിൽ ഇതിൽ മാറ്റങ്ങൾ ഉണ്ടായേക്കാം.

നിലവിൽ 30 മത്സരങ്ങളായി അപരാജിത കുതിപ്പ് നടത്തുകയാണ് അർജന്റീന.ആ കുതിപ്പ് തുടരാനുറച്ചാവും അർജന്റീന ഇക്വഡോറിനെതിരെ കളത്തിലിറങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *