നമ്മൾ അജയ്യരൊന്നുമല്ല,അത് ഓർമ്മ വേണം :അർജന്റൈൻ താരങ്ങൾക്ക് മുന്നറിയിപ്പുമായി സ്‌കലോണി!

ഇന്ന് നടക്കുന്ന ഫൈനലിസിമ മത്സരത്തിൽ അർജന്റീന കളത്തിലിറങ്ങുന്നുണ്ട്. യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയാണ് അർജന്റീനയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15-ന് ഇംഗ്ലണ്ടിലെ വെമ്ബ്ലിയിൽ വെച്ചാണ് ഈയൊരു കലാശപ്പോരാട്ടം നടക്കുക.

ഈ മത്സരത്തിന് മുന്നോടിയായി ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി നിരവധി കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു.കൂട്ടത്തിൽ തന്റെ താരങ്ങൾക്ക് ചില ഓർമ്മപ്പെടുത്തലുകളും സ്‌കലോണി നൽകിയിട്ടുണ്ട്.അതായത് അർജന്റീന അജയ്യരൊന്നുമല്ലെന്നും നമ്മളൊരിക്കലും വിശ്രമിക്കാൻ പാടില്ലെന്നുമാണ് സ്‌കലോണി പറഞ്ഞിട്ടുള്ളത്. അദ്ദേഹം പറഞ്ഞതിന്റെ പൂർണ്ണരൂപം TYC സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” നമ്മൾ അജയരാണ് എന്ന് വിശ്വസിക്കാതിരിക്കുക, അതാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. അത് ഓർമ്മ വേണം. നമ്മളാണ് കോപ്പ അമേരിക്ക ചാമ്പ്യന്മാരെന്ന് ആളുകൾ ഓർമ്മിക്കുന്ന അതും അവർ ആഘോഷിക്കുന്നതുമൊക്കെ നല്ല കാര്യം തന്നെയാണ്. നമ്മൾ അതിൽ അഭിരമിച്ചിരിക്കാൻ പാടില്ല. മറിച്ച് നമ്മൾ ഈ വഴി തന്നെ തുടരേണ്ടതുണ്ട്. നമുക്കൊരിക്കലും വിശ്രമിക്കാൻ സമയമില്ല. നമ്മൾ ഈ മത്സരത്തിൽ പരാജയപ്പെട്ടാലും ഒന്നും തന്നെ സംഭവിക്കാൻ പോകുന്നില്ല. പക്ഷേ ഒരു പരിശീലകൻ എന്ന നിലയിൽ ഞാൻ നിങ്ങളെ ഇപ്പോൾ തന്നെ ഉണർത്തേണ്ടതുണ്ട്. ആരാധകരുടെ ചാന്റുകൾ എനിക്ക് ആവേശമുണ്ടാക്കുന്നവയാണ്. പക്ഷേ ആരും തന്നെ റിലാക്സായി ഇരിക്കാൻ പാടില്ല, നമ്മൾ നമ്മളെ തന്നെ മുന്നോട്ട് പുഷ് ചെയ്യണം. ആരുമായും പോരടിക്കാൻ കഴിയുമെന്ന് നമ്മൾ വിശ്വസിക്കണം ” ഇതാണ് സ്‌കലോണി പറഞ്ഞിട്ടുള്ളത്.

സ്‌കലോണിയെ സംബന്ധിച്ചിടത്തോളം ഫൈനലിസിമ മത്സരം നല്ലൊരു പരീക്ഷണമാണ്.ടീമിന്റെ ശക്തി ദൗർബല്യങ്ങൾ മനസ്സിലാക്കാൻ അർജന്റൈൻ പരിശീലകന് സാധിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *