നമുക്ക് പ്രശ്നങ്ങളുണ്ടെന്ന് ആദ്യം തിരിച്ചറിയേണ്ടത് നമ്മൾ തന്നെയാണ്:പോർച്ചുഗീസ് സൂപ്പർ താരം

ഇന്നലെ യൂറോ കപ്പിൽ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പോർച്ചുഗലിന് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ജോർജിയ പോർച്ചുഗലിനെ പരാജയപ്പെടുത്തിയത്.ക്വാരഷ്ക്കേലിയ,ജിയോർജസ് എന്നിവരാണ് ജോർജിയക്ക് വേണ്ടി ഗോളുകൾ നേടിയത്. ഇതോടെ യൂറോ കപ്പിന്റെ പ്രീ ക്വാർട്ടറിൽ പ്രവേശിക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്.

തോൽവി വഴങ്ങിയെങ്കിലും പോർച്ചുഗൽ തന്നെയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.പ്രീ ക്വാർട്ടറിൽ സ്ലോവേനിയയാണ് പോർച്ചുഗല്ലിന്റെ എതിരാളി.ഏതായാലും ഈ മത്സരത്തെക്കുറിച്ച് ചില കാര്യങ്ങൾ പോർച്ചുഗീസ് താരമായ നെൽസൺ സെമേഡോ പറഞ്ഞിട്ടുണ്ട്. നമുക്ക് പ്രശ്നങ്ങൾ ഉണ്ടെന്ന് ആദ്യം തിരിച്ചറിയേണ്ടത് നമ്മൾ തന്നെയാണ് എന്നാണ് സെമേഡോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഈ റിസൾട്ട് മാറ്റാനുള്ള ഒരുപാട് സമയം ഞങ്ങൾക്കുണ്ടായിരുന്നു.പക്ഷേ അതിന് ഞങ്ങൾക്ക് സാധിച്ചില്ല.ജോർജിയ മത്സരത്തിൽ മികച്ച പ്രകടനമാണ് നടത്തിയത്.ഞങ്ങൾ മോശമായിരുന്നു. ഞങ്ങൾക്ക് പ്രശ്നങ്ങളുണ്ട് എന്ന് ആദ്യം തിരിച്ചറിയേണ്ടത് ഞങ്ങൾ തന്നെയാണ്.ഇനി ഞങ്ങൾ നന്നായി ഹാർഡ് വർക്ക് ചെയ്യണം. അടുത്ത മത്സരത്തിലേക്ക് പൂർവാധികം ശക്തിയോടുകൂടി തിരിച്ചെത്തണം.സ്ലോവേനിയക്കെതിരെയുള്ള മത്സരം ഒട്ടും എളുപ്പമാവില്ല.പക്ഷേ അതിനു വേണ്ടി ഞങ്ങൾ തയ്യാറെടുക്കണം. മികച്ച പ്രകടനം നടത്തുകയും വേണം ” ഇതാണ് സെമേഡോ പറഞ്ഞിട്ടുള്ളത്.

വരുന്ന ജൂലൈ ഒന്നാം തീയതി അർദ്ധരാത്രിയാണ് പോർച്ചുഗല്ലും സ്ലോവേനിയയും തമ്മിൽ ഏറ്റുമുട്ടുക. മത്സരത്തിൽ വിജയിച്ചു മുന്നേറാൻ സാധിക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ക്രിസ്റ്റ്യാനോ റൊണാൾഡോ ഫോമിലേക്ക് ഉയർന്നിട്ടില്ല എന്നത് ആരാധകർക്ക് നിരാശ നൽകുന്നു. 3 മത്സരങ്ങൾ കളിച്ചതാരത്തിന് ഒരു ഗോൾ പോലും ഇതുവരെ നേടാൻ കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *