തിരിച്ചെത്താൻ കഴിഞ്ഞതിൽ സന്തോഷം: അർജന്റീനയിലെത്തിയ മെസ്സിയുടെ സന്ദേശം!

വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ രണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് അർജന്റീന കളിക്കുന്നത്. പതിനേഴാം തീയതി നടക്കുന്ന മത്സരത്തിൽ ഉറുഗ്വയാണ് അർജന്റീനയുടെ എതിരാളികൾ. ഇന്ത്യൻ സമയം പുലർച്ചെ 5:30ന് അർജന്റീനയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.പിന്നീട് ഇരുപത്തിരണ്ടാം തീയതി നടക്കുന്ന മത്സരത്തിൽ ബ്രസീലിനെ അർജന്റീന നേരിടും. ഇന്ത്യൻ സമയം പുലർച്ചെ ആറുമണിക്ക് ബ്രസീലിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.

ഈ മത്സരങ്ങൾക്ക് വേണ്ടിയുള്ള ടീമിനെ നേരത്തെ സ്കലോണി പ്രഖ്യാപിച്ചിരുന്നു.അതിനു പിന്നാലെ സൂപ്പർതാരം ലയണൽ മെസ്സി അർജന്റീനയിൽ പറന്നെത്തിയിട്ടുണ്ട്. ഈ മത്സരങ്ങൾക്ക് വേണ്ടി ആദ്യം അർജന്റീന ക്യാമ്പിൽ എത്തുന്ന താരമാണ് ലയണൽ മെസ്സി.പിന്നാലെ അദ്ദേഹം ഒരു സന്ദേശം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. എപ്പോഴെത്തെയും പോലെ തിരിച്ചെത്താനായതിൽ സന്തോഷം എന്നാണ് ലയണൽ മെസ്സി ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് എഴുതിയിരിക്കുന്നത്. ലയണൽ മെസ്സി ഉൾപ്പെടെയുള്ള അർജന്റൈൻ താരങ്ങൾ വേൾഡ് കപ്പ് നേട്ടം ആഘോഷിക്കുന്ന ഫോട്ടോ ബാക്ക് ഗ്രൗണ്ട് ആയിക്കൊണ്ടുള്ള ഒരു ചിത്രമാണ് ലയണൽ മെസ്സി ഇൻസ്റ്റയിൽ പങ്കുവെച്ചിട്ടുള്ളത്.

അമേരിക്കയിൽ ഇന്റർ മയാമിക്കൊപ്പമുള്ള സീസൺ നേരത്തെ അവസാനിച്ചത് കൊണ്ടാണ് ലയണൽ മെസ്സി ഇത്തവണ ആദ്യം അർജന്റീന ക്യാമ്പിൽ എത്തിയിരിക്കുന്നത്.പക്ഷേ കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ അർജന്റീനക്കൊപ്പം കളിച്ചതിനു ശേഷം കേവലം രണ്ടു മത്സരങ്ങൾ മാത്രമാണ് മെസ്സി കളിച്ചിട്ടുള്ളത്. അതിലൊന്ന് സൗഹൃദ മത്സരമായിരുന്നു. അതുകൊണ്ടുതന്നെ ഈ വരുന്ന മത്സരങ്ങൾക്ക് വേണ്ടി മെസ്സിക്ക് കൂടുതൽ ഒരുക്കങ്ങൾ ആവശ്യമാണ്. നേരത്തെ തന്നെ ലയണൽ മെസ്സി ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ഇതുവരെ കളിച്ച നാല് മത്സരങ്ങളിലും അർജന്റീന വിജയിച്ചിട്ടുണ്ട്.പക്ഷേ ഇനി നടക്കുന്ന രണ്ടു മത്സരങ്ങളും ഒരല്പം കടുത്തതാണ്.പക്ഷേ മിന്നുന്ന ഫോമിലുള്ള അർജന്റീനയെ മറികടക്കുക എന്നത് എതിരാളികൾക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. കാരണം ഈ വർഷം ഒരൊറ്റ ഗോൾ പോലും അർജന്റീന വഴങ്ങിയിട്ടില്ല എന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *