തിരിച്ചടികളിൽ നിന്നും ഉയർത്തെഴുന്നേറ്റ് നായകനായവൻ : ലയണൽ മെസ്സിയെ കുറിച്ച് ടെവസ്.

ഒരുകാലത്ത് അർജന്റീനയുടെ ദേശീയ ടീം ജഴ്സിയിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന താരമാണ് മെസ്സി. ഒരു അന്താരാഷ്ട്ര കിരീടത്തിന്റെ അഭാവം ആയിരുന്നു മെസ്സിക്ക് ഇത്രയേറെ വിമർശനങ്ങൾ നൽകിയിരുന്നത്. ലയണൽ മെസ്സിക്ക് ലീഡർഷിപ്പ് ക്വാളിറ്റി ഇല്ലെന്നും അതുകൊണ്ടുതന്നെ മെസ്സിക്ക് കീഴിൽ അർജന്റീന ഒന്നും തന്നെ നേടാൻ പോകുന്നില്ല എന്നും പലരും എഴുതിത്തള്ളിയിരുന്നു.

എന്നാൽ അവരെയെല്ലാം അമ്പരപ്പിച്ചു കൊണ്ടാണ് അർജന്റീനയും മെസ്സിയും തിരിച്ചുവന്നത്. മെസ്സിയുടെ നായകത്വത്തിൽ ഇപ്പോൾ അർജന്റീന സാധ്യമായതെല്ലാം സ്വന്തമാക്കി കഴിഞ്ഞു.കോപ്പ അമേരിക്ക,ഫൈനലിസിമ, വേൾഡ് കപ്പ് എന്നീ കിരീടങ്ങളാണ് അർജന്റീനയും മെസ്സിയും തങ്ങളുടെ ഷെൽഫിലെത്തിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് അർജന്റീന ഇതിഹാസമായ കാർലോസ് ടെവസ് തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുണ്ട്. തിരിച്ചടികളിൽ നിന്നും ഉയർത്തെഴുന്നേറ്റ ഒരു മികച്ച നായകനാവാൻ മെസ്സിക്ക് കഴിഞ്ഞു എന്നാണ് ടെവസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ Tyc റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” തിരിച്ചടികളിൽ നിന്നും ഉയർത്തെഴുന്നേറ്റു കൊണ്ടാണ് ലയണൽ മെസ്സി നായകനായത്.മെസ്സിക്ക് എന്തെങ്കിലും എതിർപ്പുണ്ട് എന്നുണ്ടെങ്കിൽ അവൻ ഇപ്പോൾ ദേഷ്യപ്പെടും.മെസ്സി ഇപ്പോൾ ഒരുപാട് വളർന്നു.ഇപ്പോഴാണ് അവൻ യഥാർത്ഥ മെസ്സിയായത്. അവന്റെ കൗമാരപ്രായത്തിൽ തന്നെ ടീമിന്റെ ലീഡർ ആവാൻ ഞങ്ങൾ അവനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ അത് വർക്കായില്ല. കാരണം മെസ്സി കരിയർ ആരംഭിച്ച ഉടനെയായിരുന്നു അത്. പത്തൊമ്പതാം വയസ്സിൽ തന്നെ ഒരു ലീഡർ ആവുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ മെസ്സി ഇപ്പോൾ ഒരു യഥാർത്ഥ നായകനാണ് ” ഇതാണ് കാർലോസ് ടെവസ് പറഞ്ഞിട്ടുള്ളത്.

ദീർഘകാലം അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടുള്ള സൂപ്പർതാരമാണ് ടെവസ്.2006 ലെ ജർമ്മനി വേൾഡ് കപ്പിലും 2010 സൗത്താഫ്രിക്ക വേൾഡ് കപ്പിലും മെസ്സിയും ടെവസും ഒരുമിച്ച് അർജന്റീന ദേശീയ ടീമിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *