തന്റെ ഗോളുകൾ നേടിത്തരാതെ ക്രിസ്റ്റ്യാനോ മടങ്ങുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല:മൊറിഞ്ഞോ
യൂറോപ്പ് കപ്പിന് വേണ്ടിയുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് നിലവിൽ വമ്പൻമാരായ പോർച്ചുഗൽ ഉള്ളത്. ആദ്യത്തെ സൗഹൃദ മത്സരത്തിൽ അവർക്ക് വിജയം നേടാൻ കഴിഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ക്രൊയേഷ്യയോട് അവർ പരാജയപ്പെട്ടു.ഇനി അടുത്ത മത്സരത്തിൽ എതിരാളികൾ അയർലാൻഡാണ്. കഴിഞ്ഞ മത്സരത്തിൽ കളിക്കാത്ത റൊണാൾഡോ ഈ മത്സരത്തിൽ തിരിച്ചെത്തിയേക്കും.അതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ആരാധകർ ഉള്ളത്.
39 വയസ്സുള്ള റൊണാൾഡോ ഇപ്പോഴും മിന്നുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.ഈ സീസണിൽ 50 ഗോളുകൾ പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. റൊണാൾഡോയെ കുറിച്ച് ചില കാര്യങ്ങൾ പ്രശസ്ത പോർച്ചുഗീസ് പരിശീലകനായ ഹൊസെ മൊറിഞ്ഞോ പറഞ്ഞിട്ടുണ്ട്.വരുന്ന യൂറോകപ്പിൽ തന്റെ ഗോളുകൾ റൊണാൾഡോ നേടിയിരിക്കുമെന്നാണ് മൊറിഞ്ഞോ പറഞ്ഞിട്ടുള്ളത്.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഇപ്പോൾ തനിക്ക് എങ്ങനെയുണ്ട്? തന്റെ ലക്ഷ്യങ്ങൾ എന്തൊക്കെയാണ്? പരിശീലകൻ എങ്ങനെ തന്നെ ഉപയോഗപ്പെടുത്തണം എന്നൊക്കെ അറിയാവുന്ന വ്യക്തി റൊണാൾഡോ തന്നെയാണ്. അദ്ദേഹത്തെ എല്ലാ മത്സരങ്ങളിലും കളിപ്പിക്കണോ അതല്ല പ്രധാനപ്പെട്ട മത്സരങ്ങൾക്ക് വേണ്ടി മാറ്റിനിർത്തണോ എന്നൊക്കെ തീരുമാനിക്കേണ്ടത് റൊണാൾഡോ തന്നെയാണ്.തീർച്ചയായും ടീമിനകത്ത് വളരെയധികം സ്വാധീനം ചെലുത്താൻ അദ്ദേഹത്തിന് കഴിയും. ഒരുപാട് ഗോളുകൾ അദ്ദേഹം നേടുകയും ചെയ്യും.വരുന്ന യൂറോ കപ്പിൽ തന്റെ ഗോളുകൾ നേടാതെ റൊണാൾഡോ കളമൊഴിയും എന്ന് ഞാൻ വിശ്വസിക്കുന്നില്ല ” ഇതാണ് മൊറിഞ്ഞോ പറഞ്ഞിട്ടുള്ളത്.
ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് റൊണാൾഡോ. പരിശീലകൻ റോബർട്ടോ മാർട്ടിനസ് റൊണാൾഡോയെ കൃത്യമായി ഉപയോഗപ്പെടുത്തുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തിയതിന്റെ പേരിൽ വലിയ വിവാദങ്ങൾ അരങ്ങേറിയിരുന്നു.