തന്നെ ‘ഇഞ്ചി’ എന്ന് വിളിക്കരുതെന്ന് മെസ്സി സഹതാരങ്ങളോട് ആവിശ്യപ്പെട്ടു : വെളിപ്പടുത്തലുമായി അർജന്റൈൻ താരം!

ഇപ്പോൾ നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റൈൻ സ്‌ക്വാഡിൽ ഇടം നേടാൻ ബ്രയിറ്റൻ സ്ട്രൈക്കറായ മാക്ക് ആല്ലിസ്റ്റർക്ക് സാധിച്ചിരുന്നു. ഇതുവരെ അർജന്റീനക്ക് വേണ്ടി ആകെ രണ്ട് മത്സരങ്ങളാണ് താരം ആകെ കളിച്ചിട്ടുള്ളത്. പക്ഷേ സൂപ്പർ താരം ലയണൽ മെസ്സിക്കൊപ്പം കളിക്കാനുള്ള ഭാഗ്യം ആല്ലിസ്റ്റർക്ക് ലഭിച്ചിട്ടില്ല. പക്ഷേ മെസ്സിയോടൊപ്പം താരം പരിശീലനങ്ങൾ നടത്തിയിട്ടുണ്ട്.

ഏതായാലും മെസ്സിയെ ആദ്യം കണ്ടപ്പോഴുള്ള അനുഭവങ്ങളും അദ്ദേഹത്തോടൊപ്പം പരിശീലനം നടത്തിയപ്പോഴുള്ള അനുഭവങ്ങളുമൊക്കെ ആല്ലിസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. പരിശീലനത്തിനിടെ സഹതാരങ്ങൾ തന്നെ ‘ഇഞ്ചി’ എന്ന് വിളിക്കുമായിരുന്നുവെന്നും എന്നാൽ അതെനിക്ക് ഇഷ്ടപ്പെടുന്നില്ല എന്ന് മനസ്സിലാക്കിയ മെസ്സി അങ്ങനെ വിളിക്കുന്നത് നിർത്താൻ അവരോട് ആവശ്യപ്പെട്ടു എന്നുമാണ് ആല്ലിസ്റ്റർ പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞാൻ മെസ്സിയെ ആദ്യമായി കണ്ടപ്പോൾ ആകെ പകച്ചു നിൽക്കുകയായിരുന്നു.കാരണം ലോകത്തിലെ ഏറ്റവും മികച്ച താരത്തെയാണ് ഞാൻ കണ്ടത്.പക്ഷെ ആ അനുഭവം അപാരമായിരുന്നു. ഞാൻ ഒരിക്കലും മറക്കാത്ത ഒരു കാര്യമാണത്.എന്റെ പിതാവ് മറഡോണക്കൊപ്പം കളിച്ചിട്ടുണ്ട്,ഞാൻ മെസ്സിക്കൊപ്പം പരിശീലനം നടത്തിയിട്ടുമുണ്ട്. ഇക്കാര്യത്തിൽ ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു. ഞാൻ മെസ്സിക്കൊപ്പം രണ്ടു തവണ അർജന്റീനയിൽ പരിശീലനം നടത്തിയിട്ടുണ്ട്. പക്ഷേ അദ്ദേഹത്തോടൊപ്പം ഇതുവരെ കളിക്കാൻ സാധിച്ചിട്ടില്ല.എന്നിരുന്നാലും പരിശീലനം തന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു. അദ്ദേഹം കളിക്കുന്ന പോലെ തന്നെയാണ് പരിശീലനവും നടത്താറുള്ളത്. എനിക്കൊരിക്കലും വിശ്വസിക്കാൻ കഴിയാത്ത ഒരു കാര്യമാണത്.ടീമിലെ പലരും എന്നെ ‘കോളോ’ എന്നായിരുന്നു വിളിച്ചിരുന്നത്.അതിന്റെ അർത്ഥം ‘ഇഞ്ചി’ എന്നാണ്. എനിക്കത് ഇഷ്ടമായിരുന്നില്ല.മെസ്സി ഇക്കാര്യം സഹതാരങ്ങളോട് പറയുകയും ചെയ്തു. അവന് കോളോ എന്ന് വിളിക്കുന്നത് ഇഷ്ടമില്ലെന്നും അതുകൊണ്ടുതന്നെ നിങ്ങൾ ആ വിളി നിർത്തണമെന്നുമാണ് മെസ്സി എല്ലാവരോടും പറഞ്ഞത് ” ഇതാണ് ആല്ലിസ്റ്റർ ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

നിലവിൽ കോവിഡിന്റെ പിടിയിലാണ് ആല്ലിസ്റ്ററുള്ളത്. അതുകൊണ്ടുതന്നെ ചിലിക്കെതിരെയുള്ള അർജന്റൈൻ ടീമിന്റെ ഭാഗമാവാൻ താരത്തിന് സാധിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *