ഡ്രിബ്ലിങ്ങിൽ മെസ്സിയുടെ റെക്കോർഡ് മറികടന്ന് നെയ്മർ ജൂനിയർ !

ഇന്ന് രാവിലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് കാനറിപ്പട ബൊളീവിയയെ നിലംപരിശാക്കി വിട്ടത്. മത്സരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ ആധിപത്യം പുലർത്തിയ ബ്രസീലിന് ഗോളുകൾ നേടാൻ ഒട്ടനവധി അവസരങ്ങൾ ലഭിച്ചിരുന്നു. മത്സരത്തിൽ മിന്നുന്നപ്രകടനമാണ് നെയ്മറുടെ ഭാഗത്തു നിന്നുണ്ടായത്. ഗോളുകളൊന്നും നേടിയില്ലെങ്കിലും കളം നിറഞ്ഞു കളിക്കുകയും രണ്ട് അസിസ്റ്റുകൾ പൂർത്തിയാക്കുകയും ചെയ്യാൻ നെയ്മർക്കായി. ഇന്നത്തെ മത്സരത്തോടെ ബ്രസീലിന് വേണ്ടി 102 മത്സരങ്ങൾ പൂർത്തിയാക്കിയ നെയ്മർ 61 ഗോളുകളും 44 അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചു കഴിഞ്ഞു. മാത്രമല്ല ഇന്നത്തെ മത്സരത്തിൽ പതിനെട്ട് ഡ്രിബിളുകളാണ് നെയ്മർ ജൂനിയർ വിജയകരമായി പൂർത്തിയാക്കിയത്. ഇത് സൂപ്പർ താരം ലയണൽ മെസ്സിയുടെ ഒരു റെക്കോർഡ് മറികടക്കാൻ നെയ്‌മറെ സഹായിച്ചിട്ടുണ്ട്.

കോൺമബോളിന്റെ കഴിഞ്ഞ മൂന്ന് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഡ്രിബിളുകൾ പൂർത്തിയാക്കിയ താരമെന്ന റെക്കോർഡ് ഇനി നെയ്മർ ജൂനിയർക്കാണ്. അതായത് 2010 വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ മുതൽ ഇതുവരെയുള്ള യോഗ്യത മത്സരങ്ങളിൽ ഒരു ലാറ്റിനമേരിക്കൻ താരം പൂർത്തിയാക്കുന്ന ഏറ്റവും കൂടുതൽ ഡ്രിബിളുകളാണ് നെയ്മർ ഇന്നത്തെ മത്സരത്തിൽ പൂർത്തിയാക്കിയത്. പതിനെട്ടു തവണയാണ് നെയ്മർ എതിരാളികളെ വിജയകരമായി മറികടന്നത്. മുമ്പ് മെസ്സി 15 തവണയായിരുന്നു ഡ്രിബ്ലിങ് ചെയ്ത് റെക്കോർഡ് സ്ഥാപിച്ചത്. 2011 നവംബറിൽ കൊളംബിയക്കെതിരെയായിരുന്നു മെസ്സി 15 ഡ്രിബിളുകൾ പൂർത്തിയാക്കിയത്. ഈ നേട്ടമാണിപ്പോൾ നെയ്മർ കടപ്പുഴക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *