ഡ്രസിങ് റൂമിൽ വിജയാഘോഷത്തിനിടെ ബ്രസീലിനെ പരിഹസിച്ച് അർജന്റൈൻ താരങ്ങൾ!

ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ പ്രവേശനം സാധ്യമാക്കാൻ ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീനക്ക് സാധിച്ചിരുന്നു. ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീന പരാജയപ്പെടുത്തിയിരുന്നത്. ഇരട്ട ഗോളുകൾ നേടിയ ഹൂലിയൻ ആൽവരസും ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ ലയണൽ മെസ്സിയുമാണ് മത്സരത്തിൽ അർജന്റീനക്ക് വേണ്ടി മിന്നിത്തിളങ്ങിയത്.

കിരീട ഫേവറേറ്റുകളായി എത്തിയ അർജന്റീനക്ക് തുടക്കത്തിൽ ഒരു തിരിച്ചടി ഏറ്റെങ്കിലും പിന്നീട് തകർപ്പൻ പ്രകടനം നടത്തി കൊണ്ടാണ് അർജന്റീന ഫൈനൽ വരെ എത്തിയിട്ടുള്ളത്. അതേസമയം മറ്റൊരു കിരീട ഫേവറേറ്റുകളും അർജന്റീനയുടെ ചിരവൈരികളുമായ ബ്രസീൽ ക്വാർട്ടർ ഫൈനലിൽ തന്നെ പരാജയപ്പെട്ട് പുറത്തേക്ക് പോയിരുന്നു. ക്രൊയേഷ്യയായിരുന്നു പെനാൽറ്റി ഷൗട്ടൗട്ടിൽ ബ്രസീലിനെ പരാജയപ്പെടുത്തിയത്.

ഏതായാലും ക്രൊയേഷ്യ പരാജയപ്പെടുത്തിയതിന് ശേഷം അർജന്റീന താരങ്ങൾ ഡ്രസ്സിംഗ് റൂമിൽ വിജയാഘോഷം നടത്തിയിരുന്നു. എന്നാൽ ഈ വിജയാഘോഷത്തിനിടെ അർജന്റൈൻ താരങ്ങൾ മുഴക്കിയിട്ടുള്ള ചാന്റിൽ ബ്രസീലിനെ പരിഹസിക്കുന്ന രൂപത്തിലുള്ള വരികളും ഉണ്ടായിരുന്നു എന്നുള്ളത് ശ്രദ്ധേയമാണ്. ഈ വരികൾ ഇപ്പോൾ അർജന്റൈൻ മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അർജന്റീന താരങ്ങൾ പാടിയ വരികൾ ഇങ്ങനെയാണ്.

“ബ്രസീലിയൻസ്‌..നിങ്ങൾക്കെന്ത് സംഭവിച്ചു?അഞ്ച് തവണ കിരീടം നേടിയവർ ക്ഷയിച്ചു പോയി..മെസ്സിയാവട്ടെ റിയോ ഡി ജെനീറോയിൽ വന്ന് കിരീടം നേടുകയും ചെയ്തു ” ഇതാണ് അർജന്റീന താരങ്ങൾ പാടിയിട്ടുള്ളത്.

അതായത് കഴിഞ്ഞാൽ കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം ചൂടിയതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് താരങ്ങൾ നടത്തിയിട്ടുള്ളത്. ഏതായാലും തികച്ചും അപ്രതീക്ഷിതമായി കൊണ്ട് ബ്രസീൽ പുറത്തായത് ആരാധകർക്ക് വലിയ നിരാശ നൽകിയ കാര്യമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *