ഡി പോളും താനും മെസ്സിയുടെ അടുത്ത സുഹൃത്തുക്കളായതെങ്ങനെ? സംഭവം വിവരിച്ച് പരേഡസ്!
അർജന്റൈൻ ദേശീയ ടീമിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ അടുത്ത സുഹൃത്തുക്കളാണ് റോഡ്രിഗോ ഡി പോളും ലിയാൻഡ്രോ പരേഡസും. ഇരുവരും ഒട്ടേറെ തവണ ലയണൽ മെസ്സിയോടുള്ള തങ്ങളുടെ ഇഷ്ടം തുറന്ന് പ്രകടിപ്പിച്ചിട്ടുണ്ട്.കളത്തിനകത്തും ഈ താരങ്ങൾ മികച്ച രൂപത്തിലുള്ള ഒത്തിണക്കമാണ് കാഴ്ച്ചവെക്കാറുള്ളത്.
ഏതായാലും അർജന്റൈൻ ദേശീയ ടീമിൽ തങ്ങളുടെ തുടക്കകാലത്ത് മെസ്സിയുമായി സൗഹൃദ ബന്ധം സ്ഥാപിച്ചത് എങ്ങനെയാണ് എന്നുള്ളത് ഇപ്പോൾ ലിയാൻഡ്രോ പരേഡസ് വിശദീകരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകളെ TYC സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
” ഉച്ചക്ക് ശേഷമുള്ള ഒരു സമയമായിരുന്നു അത്. പരിശീലനം ആരംഭിക്കാൻ ഇനിയും രണ്ടു മണിക്കൂറോളം സമയം അവശേഷിക്കുന്നുണ്ടായിരുന്നു. എന്താണ് ചെയ്യേണ്ടത് എന്നുള്ളത് ഞങ്ങൾക്കറിയില്ലായിരുന്നു. പിന്നീട് ഞാനും റോഡ്രിഗോയും കാർഡ് കളിക്കുന്നതിനെ പറ്റി സംസാരിച്ചു.ലയണൽ മെസ്സിയുടെ റൂമിന്റെ വാതിലിൽ മുട്ടി നോക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു “.
La frase de Paredes sobre la relación con Messi en la #SelecciónArgentina 🔵⚪️
— TyC Sports (@TyCSports) June 16, 2022
El jugador de PSG habló en la presentación de su vino y dejó una particular declaración con respecto a la amistad con el astro mundial.https://t.co/d6fLSyKbTU
” ചില ആളുകൾ അവിടെ മ്യൂസിക് ആസ്വദിച്ചിരിക്കുകയായിരുന്നു. കാർഡ് കളിക്കാനായിരുന്നു ഞങ്ങളുടെ പദ്ധതി. മെസ്സി ഞങ്ങളെ നല്ല രീതിയിൽ സ്വീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. അദ്ദേഹം റൂമിന്റെ വാതിൽ തുറന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു ഭാഗ്യമായിരുന്നു. പിന്നീട് കാര്യങ്ങളെല്ലാം നല്ല രൂപത്തിലാണ് നടന്നത്. അവിടം തൊട്ടാണ് ഞങ്ങളുടെ ഇന്ന് കാണുന്ന രൂപത്തിലുള്ള ബന്ധത്തിന്റെ ആരംഭം ” ഇതാണ് പരേഡസ് പറഞ്ഞിട്ടുള്ളത്.
അതേസമയം തന്റെ പിഎസ്ജിയിലെ ഭാവിയെക്കുറിച്ചും പരേഡസ് സംസാരിച്ചിട്ടുണ്ട്. ക്ലബ്ബിൽ താൻ ഹാപ്പിയാണന്നും പിഎസ്ജിയിൽ തുടരാനാണ് താൻ ആഗ്രഹിക്കുന്നത് എന്നുമാണ് പരേഡസ് പറഞ്ഞിട്ടുള്ളത്.