ഡിമരിയക്ക് അർജന്റീന ടീമിൽ ഇടം നൽകിയില്ല, അർജന്റീനക്ക് എന്തിന്റെ കുഴപ്പമാണെന്ന് നെയ്‌മർ ജൂനിയർ !

അർജന്റൈൻ സൂപ്പർ താരം എയ്ഞ്ചൽ ഡിമരിയക്ക് പിഎസ്ജി സഹതാരമായ നെയ്മർ ജൂനിയറുടെ പിന്തുണ. ഡിമരിയ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്നെ അർജന്റീന ടീമിൽ എടുക്കാത്തതിൽ നെയ്മർ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നുവെന്നും അത്‌ തന്നോട് തുറന്നു പറഞ്ഞിരുന്നുവെന്നും ഡിമരിയ വെളിപ്പെടുത്തി. അർജന്റീന ദേശീയ ടീമിലെ കാര്യങ്ങൾ വിചിത്രമാണെന്നും അവർക്ക് എന്തിന്റെ കുഴപ്പമാണ് എന്നുമാണ് അദ്ദേഹം തന്നോട് ചോദിച്ചതെന്നും ഡിമരിയ അറിയിച്ചു. അടുത്ത മാസം നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിലേക്ക് ഡിമരിയക്ക് പരിശീലകൻ സ്കലോണി അവസരം നൽകിയിരുന്നില്ല. ഇതിനെതിരെ ഡിമരിയ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. തന്നെ തളർത്താനാവില്ലെന്നും തന്റെ പോരാട്ടം തുടരുമെന്നുമായിരുന്നു ഡിമരിയ ഇതിനോട് പ്രതികരിച്ചിരുന്നത്.

എന്നാൽ ഇതിന് സ്കലോണിയും മറുപടി നൽകിയിരുന്നു. അദ്ദേഹത്തെ താൻ കാര്യമാക്കുന്നില്ലെന്നും അദ്ദേഹമില്ലാതെയാണ് കോപ്പ അമേരിക്ക കളിച്ചതെന്നുമായിരുന്നു സ്കലോണി അറിയിച്ചത്. ഈ സംഭവവികാസങ്ങളിലാണ് നെയ്മർ തനിക്ക് പിന്തുണ പ്രഖ്യാപിച്ചതെന്ന് ഡിമരിയ പറഞ്ഞു. ” അർജന്റീന ദേശീയടീമിലെ കാര്യങ്ങൾ എല്ലാം തന്നെ വിചിത്രമാണെന്ന് നെയ്മർ എന്നോട് പറഞ്ഞു. അർജന്റീനക്കാർക്ക് എന്തിന്റെ കുഴപ്പമാണെന്ന് തനിക്കിത് വരെ മനസ്സിലായിട്ടില്ലെന്നും നെയ്മർ എന്നെ അറിയിച്ചു. എനിക്ക് നെയ്മറുമായി വളരെയധികം അടുത്ത ബന്ധമാണ് ഉള്ളത്. പരിശീലനവേളകളിൽ എന്റെ പ്രകടനം സ്ഥിരമായി വീക്ഷിക്കുന്ന ഒരാളാണ് അദ്ദേഹം. എന്റെ പ്രകടനത്തെ കുറിച്ച് അദ്ദേഹത്തിന് നന്നായിട്ടറിയാം ” ഡിമരിയ ഇഎസ്പിഎൻ അർജന്റീനയോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *