ഡാനി ആൽവസിനെ സഹായിച്ചു, നെയ്മർക്കെതിരെ ബ്രസീലിൽ നിന്നും രൂക്ഷവിമർശനം!

കഴിഞ്ഞ ദിവസമായിരുന്നു ബ്രസീലിയൻ സൂപ്പർ താരമായ ഡാനി ആൽവസിന് സ്പാനിഷ് കോടതി തടവ് ശിക്ഷ വിധിച്ചത്. അടുത്ത നാലര വർഷം ഡാനി ആൽവസ് ജയിൽ ശിക്ഷ അനുഭവിക്കും. 2021 ഡിസംബർ മാസത്തിൽ ബാഴ്സലോണയിലെ ഒരു നൈറ്റ് ക്ലബ്ബിൽ വച്ച് 23 കാരിയായ ഒരു യുവതിയെ ഡാനി ആൽവസ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യത്തിൽ താരം കുറ്റക്കാരനാണെന്ന് തെളിയുകയും ചെയ്തിരുന്നു.

യഥാർത്ഥത്തിൽ 9 വർഷത്തോളം തടവ് ശിക്ഷ ഡാനി ആൽവസ് അനുഭവിക്കേണ്ടി വരുമായിരുന്നു. എന്നാൽ ഇരക്കുള്ള കോമ്പൻസേഷൻ തുകയായ 150000 യുറോ നൽകിക്കൊണ്ട് നെയ്മർ ഡാനിയെ സഹായിക്കുകയായിരുന്നു. ഇക്കാര്യത്തിൽ നെയ്മർക്ക് ബ്രസീലിയൻ വനിത മന്ത്രിയായ സിഡ ഗോൺസാൽവസിൽ നിന്നും വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. മാത്രമല്ല ബ്രസീലിലെ വർക്കേഴ്സ് പാർട്ടി പ്രസിഡണ്ടായ ഗ്ലൈസി ഹോഫ്മാനും നെയ്മർക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അവർ പറഞ്ഞത് ഇപ്രകാരമാണ്.

” ബലാത്സംഗ കേസിലെ പ്രതിയായ ഡാനി ആൽവസിന് വിധിക്കപ്പെട്ട ശിക്ഷ തീർത്തും മാതൃകാപരമാണ്. ലിംഗ വിവേചനവും സ്ത്രീവിരുദ്ധതയും ഇവിടെ വെച്ച് പൊറുപ്പിക്കില്ല എന്നുള്ളതിന്റെ കൃത്യമായ ഉദാഹരണമാണ് ഇത്. നെയ്മർ പണം നൽകി ശിക്ഷയിൽ ഇളവ് വരുത്താൻ സഹായിച്ചത് തികച്ചും അസംബന്ധമാണ്.കാരണം ഇര അനുഭവിച്ചതിനൊന്നും അത് പരിഹാരമല്ല. അവർ അനുഭവിച്ച ബുദ്ധിമുട്ടുകൾ ആ പണം ഇല്ലാതാക്കുന്നില്ല ” ഇതാണ് ഹോഫ്മാൻ പറഞ്ഞിട്ടുള്ളത്.

സുഹൃത്ത് എന്ന നിലയിലാണ് നെയ്മർ ജൂനിയർ ഡാനിയെ സഹായിച്ചിട്ടുള്ളതെങ്കിലും ഒരു റേപ്പിസ്റ്റിനെ സഹായിച്ചു എന്ന് കാരണത്താൽ നെയ്മർക്ക് വലിയ വിമർശനങ്ങൾ ഇപ്പോൾ കേൾക്കേണ്ടി വരുന്നുണ്ട്. നിലവിൽ ഡാനി ആൽവസിന്റെ ഡിവോഴ്സ് കേസ് നടന്നുകൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് മരവിക്കപ്പെട്ടിരുന്നു. തുടർന്നാണ് നെയ്മർ ജൂനിയർ തന്റെ സഹതാരത്തെ സഹായിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *