ടീമെന്ന നിലയിൽ അർജന്റീന കൂടുതൽ കരുത്തരായി, സന്തോഷത്തോടെ മെസ്സി പറയുന്നു !

ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്‌ പെറുവിനെ അർജന്റീന തറപ്പറ്റിച്ചിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ നേടിയ നിക്കോളാസ് ഗോൺസാലസും രണ്ടാം ഗോൾ നേടിയ ലൗറ്ററോ മാർട്ടിനെസുമാണ് അർജന്റീനയുടെ വിജയശില്പികൾ. മത്സരത്തിൽ രണ്ടാം പകുതിയിലെ അലസത മാറ്റി നിർത്തിയാൽ മികച്ച പ്രകടനമായിരുന്നു അർജന്റീനയുടെ ഭാഗത്തു നിന്നുണ്ടായത്. ഇപ്പോഴിതാ അർജന്റീനയുടെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് ലയണൽ മെസ്സി. ഒരു ടീം എന്ന നിലവിൽ വീണ്ടും അർജന്റീന കൂടുതൽ കരുത്ത് പ്രാപിച്ചു എന്നാണ് മെസ്സി പറഞ്ഞത്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. തന്റെ പ്രകടനത്തെ കുറിച്ചും മെസ്സി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ സംഘത്തെ കഴിയുന്ന വിധം സഹായിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നുമാണ് മെസ്സി വെളിപ്പെടുത്തിയത്.

” വളരെയധികം സങ്കീർണമായ യോഗ്യത മത്സരങ്ങളാണിത്. പക്ഷെ ഞങ്ങൾ ഓരോ മത്സരം കൂടുംതോറും മെച്ചപ്പെട്ടു വരുന്നു. കഴിഞ്ഞ. മത്സരത്തിന് ശേഷം ഞങ്ങൾ ഇങ്ങോട്ടെത്തിയത് വിജയം മാത്രം ലക്ഷ്യം വെച്ചാണ്. തുടക്കം തൊട്ടേ ഞങ്ങൾ മികച്ച രീതിയിലാണ് കളിച്ചത്. ഒരുപാട് അവസരങ്ങൾ ഞങ്ങൾ ഉണ്ടാക്കിയെടുത്തു. കഴിഞ്ഞ മത്സരത്തിൽ അതേ രീതിയാണ് ഞങ്ങൾ രണ്ടാം പകുതിയിൽ പുറത്തെടുത്തത്. പക്ഷെ ഞങ്ങളുടെ ലെവൽ ഒരല്പം ഉയർത്തി. ഈ വഴിയിലാണ് ഇനി ഞങ്ങൾ സഞ്ചരിക്കേണ്ടത്. ഞങ്ങൾ ഒരിക്കൽ കൂടി ടീം എന്ന നിലയിൽ കരുത്ത് പ്രാപിച്ചിരിക്കുന്നു. ഈ സംഘത്തിനെ കഴിയുന്ന വിധം സഹായിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഈ ജേഴ്സിക്ക്‌ വേണ്ടി എല്ലാം നൽകാനാണ് ഞാൻ ശ്രമിക്കുന്നത്. ഈ സംഘത്തിനും തുടരുന്നത് വളരെയധികം നല്ല രീതിയിലാണ് എനിക്ക് അനുഭവപ്പെടുന്നത് ” മെസ്സി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *