ഞാനൊന്നും ചെയ്തിട്ടില്ല, എന്നെ ദൈവം തിരഞ്ഞെടുത്തത് :മെസ്സി
ഫുട്ബോൾ ലോകത്ത് സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ താരമാണ് ലയണൽ മെസ്സി. ഇന്റർനാഷണൽ കിരീടത്തിന്റെ പേരിലായിരുന്നു മെസ്സി ഏറെ കാലം വേട്ടയാടപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് മെസ്സി സ്വന്തമാക്കാത്തതായി ഒന്നുമില്ല. പക്ഷേ കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോൾ പ്രവേശിച്ചു കഴിഞ്ഞു.
കഴിഞ്ഞദിവസം മെസ്സി ഒരു അഭിമുഖം നൽകിയിരുന്നു.ഒരുപാട് കാര്യങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. ഒരു മികച്ച താരമാവാൻ വേണ്ടി കുട്ടിക്കാലത്ത് താൻ പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ലെന്നും എന്നാൽ തന്നെ ദൈവം തിരഞ്ഞെടുത്തതാണ് എന്നുമാണ് മെസ്സി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ Tyc റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” ചെറിയ പ്രായത്തിൽ തന്നെ ഞാൻ വ്യത്യസ്തനായിരുന്നു. എന്റെ ചുറ്റുമുള്ളവർ അത് മനസ്സിലാക്കിയിരുന്നുവെങ്കിലും എനിക്കത് മനസ്സിലായിരുന്നില്ല.വലുതായപ്പോഴാണ് എനിക്ക് അത് മനസ്സിലായത്.ഒരു മികച്ച താരമായി മാറാൻ ഞാൻ കുട്ടിക്കാലത്ത് പ്രത്യേകിച്ചൊന്നും ചെയ്തിരുന്നില്ല. ഞാൻ ഫുട്ബോളിനെ ഇഷ്ടപ്പെട്ടിരുന്നു.എപ്പോഴും ഫുട്ബോളുമായി ഇടപഴകി കൊണ്ടിരുന്നു. വലിയ കിരീടങ്ങൾ നേടണമെന്നോ വലിയ നേട്ടങ്ങൾ കരസ്ഥമാക്കണമെന്നോ എന്നുള്ള ആഗ്രഹങ്ങളോ ലക്ഷ്യങ്ങളോ ഇല്ലായിരുന്നു.ഫുട്ബോൾ കളിക്കാൻ വേണ്ടിയാണ് ഞാൻ ജനിച്ചത്.എന്നെ ഇതിനു വേണ്ടിയാണ് ദൈവം തിരഞ്ഞെടുത്തത്.ദൈവം നൽകിയ സമ്മാനമാണ് ഇത്.അത് പരമാവധി ഉപയോഗപ്പെടുത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് ഞാൻ ഒന്നും ചെയ്തിട്ടില്ലെങ്കിലും പിൽകാലത്ത് ഞാൻ ഒരുപാട് ശ്രമങ്ങൾ നടത്തിയിട്ടുണ്ട് “ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.
നിലവിൽ കോപ്പ അമേരിക്ക ടീമിനോടൊപ്പമാണ് മെസ്സിയുള്ളത്.ആദ്യം മത്സരത്തിൽ കാനഡയെ അർജന്റീന എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. മത്സരത്തിൽ മെസ്സി ഒരു അസിസ്റ്റ് നേടിയിരുന്നു. നാളെ നടക്കുന്ന മത്സരത്തിൽ ചിലിയാണ് അർജന്റീനയുടെ എതിരാളികൾ.മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ മെസ്സി ഉണ്ടാകും.