ഞാനെന്തൊരു വിഡ്ഢിയാണ്, ഉടൻ തന്നെ ഖേദിച്ചു:നെതർലാന്റ്സിനെതിരെയുള്ള സെലിബ്രേഷനെ കുറിച്ച് മെസ്സി.
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അർജന്റീനയും നെതർലാന്റ്സും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. ആ മത്സരത്തിന്റെ 73ആം മിനിട്ടിൽ മെസ്സി പെനാൽറ്റിയിലൂടെ ഗോൾ നേടിയിരുന്നു. അർജന്റീന 2 ഗോളുകൾക്ക് അപ്പോൾ ലീഡ് എടുത്തു കഴിഞ്ഞിരുന്നു. ആ ഗോളിന് ശേഷമായിരുന്നു മെസ്സി നെതർലാന്റ്സ് പരിശീലകനായ ലൂയി വാൻ ഗാലിന് നേരെ സെലിബ്രേഷൻ നടത്തിയിരുന്നത്.ടോപ്പോ ഗിജിയോ എന്നാണ് ആ സെലിബ്രേഷൻ അറിയപ്പെടുന്നത്.
എന്നാൽ ആ സെലിബ്രേഷൻ നടത്തിയ ഉടനെ തന്നെ താൻ ഖേദിച്ചു എന്ന കാര്യം ലയണൽ മെസ്സി തന്നെ ഇപ്പോൾ തുറന്നു പറഞ്ഞിട്ടുണ്ട്. താൻ എന്തൊരു വിഡ്ഢിയാണ് എന്നാണ് ആ സമയത്ത് മനസ്സിൽ പറഞ്ഞത്, കാരണം ആ മത്സരത്തിൽ തിരിച്ചു വരാൻ നെതർലാന്റ്സിന് ഇനിയും സമയമുണ്ട് എന്ന വസ്തുത മനസ്സിലാക്കാതെയാണ് താൻ ആ സെലിബ്രേഷൻ നടത്തിയത് എന്നാണ് മെസ്സി വെളിപ്പെടുത്തിയിട്ടുള്ളത്.ESPNന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.മെസ്സിയുടെ വാക്കുകൾ ഇങ്ങനെയാണ്.
Cancelo doing the Messi celebration 🔥 pic.twitter.com/aerLW4sZMp
— Messi Media (@LeoMessiMedia) November 29, 2023
” ഞാൻ അവിടെ ടോപോ ഗിജിയോ സെലിബ്രേഷൻ നടത്തി.ഉടൻതന്നെ ഓട്ടോമാറ്റിക്കായി അതിൽ ഖേദിക്കുകയും ചെയ്തു.ഞാൻ അപ്പോൾ ചിന്തിച്ചത് ഇങ്ങനെയാണ്,ഞാൻ എന്തൊരു വിഡ്ഢിയാണ്. അവർക്ക് ഇപ്പോഴും മത്സരത്തിൽ തിരിച്ചുവരാനുള്ള സമയമുണ്ട്. ഇതൊക്കെ സാധാരണ രൂപത്തിൽ നടക്കുന്ന കാര്യങ്ങളാണ് ” ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.
അതായത് തന്റെ സെലിബ്രേഷൻ നേരത്തെ ആയിപ്പോയി എന്ന് തോന്നലായിരുന്നു മെസ്സിക്ക് അപ്പോൾ തന്നെ ഉണ്ടായിരുന്നത്. മെസ്സി ഭയപ്പെട്ടത് തന്നെയാണ് പിന്നീട് സംഭവിച്ചത്. രണ്ട് ഗോളുകൾ നേടിക്കൊണ്ട് നെതർലാന്റ്സ് മത്സരത്തിൽ ശക്തമായി തിരിച്ചു വന്നിരുന്നു. പക്ഷേ പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിൽ അവരെ പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീന സെമിഫൈനൽ പ്രവേശനം സാധ്യമാക്കുകയായിരുന്നു. ഒടുവിൽ അർജന്റീനയുടെ യാത്ര കിരീടത്തിലാണ് അവസാനിച്ചത്.