ജർമ്മനിയെ ആറെണ്ണത്തിൽ മുക്കി സ്പെയിൻ, ജയം നേടി പോർച്ചുഗല്ലും ഫ്രാൻസും !
യുവേഫ നേഷൻസ് ലീഗിൽ ഇന്നലെ നടന്ന വമ്പൻമാരുടെ പോരാട്ടത്തിൽ നാണംകെട്ട തോൽവിയുമായി ജർമ്മനി. എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് ജർമ്മൻ പട സ്പെയിനിന് മുന്നിൽ തകർന്നടിഞ്ഞത്. ഹാട്രിക് നേടിയ ഫെറാൻ ടോറസാണ് ജർമ്മനിയെ തകർക്കുന്നതിൽ നിർണായകപങ്ക് വഹിച്ചത്. ഒരു ഘട്ടത്തിൽ പോലും മത്സരത്തിലേക്ക് തിരിച്ചു വരാൻ ജർമ്മനിയെ സ്പെയിൻ അനുവദിച്ചില്ല. 33, 55, 71 എന്നീ മിനുട്ടുകളിലാണ് ടോറസ് ന്യൂയറിന്റെ വല ചലിപ്പിച്ചത്. മൊറാറ്റ, റോഡ്രി, ഒയർസബാൽ എന്നിവരാണ് ശേഷിച്ച ഗോളുകൾ നേടിയത്. ഹാട്രിക് അസിസ്റ്റുകൾ നേടിക്കൊണ്ട് ഫാബിയാനും സ്പെയിൻ നിരയിൽ തിളങ്ങി. ഇതാദ്യമായാണ് ന്യൂയർ ആറ് ഗോളുകൾ വഴങ്ങുന്നത്. ജയത്തോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്ക് കയറിയ സ്പെയിൻ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുകയും ചെയ്തു. ജർമ്മനിയാവട്ടെ നേഷൻസ് ലീഗിൽ നിന്നും പുറത്തായി.
🇪🇸 Your reaction to 𝗧𝗛𝗜𝗦 performance?#NationsLeague pic.twitter.com/VwtOw2U866
— UEFA Nations League (@EURO2020) November 17, 2020
അതേസമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ വമ്പൻമാരായ ഫ്രാൻസ് ജയം നേടി. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ഫ്രാൻസ് സ്വീഡനെ തകർത്തു വിട്ടത്. ഫ്രാൻസിന് വേണ്ടി ജിറൂദ് ഇരട്ടഗോളുകൾ നേടി. ശേഷിച്ച ഗോളുകൾ പവാർഡ്, കോമാൻ എന്നിവരാണ് നേടിയത്. ഇതേ ഗ്രൂപ്പിൽ തന്നെ നടന്ന മത്സരത്തിൽ പോർച്ചുഗൽ ക്രോയേഷ്യയെ തകർത്തു വിട്ടു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പോർച്ചുഗൽ വിജയം നേടിയത്. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു പോർച്ചുഗല്ലിന്റെ തിരിച്ചു വരവ്. പോർച്ചുഗല്ലിന് വേണ്ടി റൂബൻ ഡയസ് ഇരട്ടഗോളുകൾ നേടിയപ്പോൾ ഹാവോ ഫെലിക്സ് ഒരു ഗോൾ കണ്ടെത്തി. ക്രോയേഷ്യയുടെ രണ്ട് ഗോളുകളും മാറ്റിയോ കൊവാസിച്ചിന്റെ വകയായിരുന്നു. ജയത്തോടെ ഗ്രൂപ്പിൽ ഒന്നാമതെത്താൻ ഫ്രാൻസിന് കഴിഞ്ഞു. ഫ്രാൻസ് പ്ലേ ഓഫിലേക്ക് മുന്നേറിയപ്പോൾ നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗൽ പുറത്തേക്ക് പോവുകയും ചെയ്തു.
Cristiano Ronaldo 🤝 Luka Modrić#NationsLeague pic.twitter.com/8ixatfv6Iy
— UEFA Nations League (@EURO2020) November 17, 2020