ജോലി പൂർത്തിയായിരിക്കുന്നു:മെസ്സിയുമായി സ്വയം താരതമ്യം ചെയ്ത് പെപ്!

ഈ സീസണിന്റെ മധ്യത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി വേൾഡ് കപ്പ് കിരീടം നേടിയത്. മെസ്സിയുടെ കരിയറിൽ ലഭിക്കാത്തതായി ഉണ്ടായിരുന്നത് വേൾഡ് കപ്പ് മാത്രമായിരുന്നു. അത് ലഭിച്ചതോടുകൂടി മെസ്സിയെ സമ്പൂർണ്ണനായി കൊണ്ട് പലരും പ്രഖ്യാപിച്ചിരുന്നു. ഇതേ ഒരു അവസ്ഥയിലൂടെയായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള കടന്നുപോയിരുന്നത്. ഒരുപാട് നേട്ടങ്ങൾ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം നേടിയപ്പോഴും ചാമ്പ്യൻസ് ലീഗ് കിരീടത്തിന്റെ അഭാവം അവിടെ അവശേഷിച്ചിരുന്നു.

എന്നാൽ ഇന്റർ മിലാനെ പരാജയപ്പെടുത്തിക്കൊണ്ട് ചാമ്പ്യൻസ് ലീഗ് കിരീടം സിറ്റി നേടിയതോടെ പെപ് ഗാർഡിയോളയെയും പലരും സമ്പൂർണ്ണ പരിശീലകനായി കൊണ്ട് പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം ഇപ്പോൾ പെപ് തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. മെസ്സിയുടെയും തന്റെയും ജോലി പൂർത്തിയായി എന്ന രീതിയിലാണ് പെപ് സംസാരിച്ചിട്ടുള്ളത്.പെപിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ജോലി പൂർത്തിയായിരിക്കുന്നു.ഞാൻ എന്നെ ലയണൽ മെസ്സിയുമായി സ്വയം താരതമ്യം ചെയ്യാൻ ആഗ്രഹിക്കുന്നൊന്നുമില്ല. പക്ഷേ മെസ്സി വേൾഡ് കപ്പ് കിരീടം ഉയർത്തിയപ്പോൾ എല്ലാം പൂർത്തിയായതായാണ് എനിക്ക് അനുഭവപ്പെട്ടത്.ഇപ്പോഴും അതേ അനുഭവം തന്നെയാണ് എനിക്കുള്ളത് ” ഇതാണ് പെപ് ഗാർഡിയോള പറഞ്ഞിട്ടുള്ളത്.

2025 വരെയാണ് പെപ് ഗാർഡിയോളക്ക് മാഞ്ചസ്റ്റർ സിറ്റിയുമായി കോൺട്രാക്ട് അവശേഷിക്കുന്നത്. ഈ കരാർ അദ്ദേഹം പുതുക്കാൻ സാധ്യതയില്ല എന്ന് ചില മാധ്യമങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. സിറ്റിയുമായുള്ള തന്റെ കരാർ പൂർത്തിയാക്കിയതിനു ശേഷം മറ്റേതെങ്കിലും ടീമിലേക്ക് ചേക്കേറാനാണ് ഈ പരിശീലകൻ ആഗ്രഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *