ജേഴ്‌സി ലഭിച്ചില്ലെങ്കിലോ എന്ന് കരുതി മെസ്സിക്ക് റെഡ് കാർഡ് നൽകിയില്ല: വെളിപ്പെടുത്തലുമായി ചിലിയൻ റഫറി!
2007ലെ കോപ്പ അമേരിക്ക ടൂർണമെന്റ് വെനിസ്വേലയിൽ വെച്ച് കൊണ്ടായിരുന്നു നടന്നിരുന്നത്.ടൂർണമെന്റിലെ സെമി ഫൈനൽ പോരാട്ടത്തിൽ അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു മെക്സിക്കോയെ പരാജയപ്പെടുത്തിയത്. ആ മത്സരത്തിൽ ലയണൽ മെസ്സി ഒരു യെല്ലോ കാർഡ് കണ്ടിരുന്നു.മാത്രമല്ല മത്സരത്തിന്റെ അവസാനത്തിൽ മറ്റൊരു യെല്ലോ കാർഡ് കൂടി മെസ്സിക്ക് ലഭിക്കേണ്ടതായിരുന്നു. എന്നാൽ അത് മനപ്പൂർവ്വം താൻ മെസ്സിക്ക് നൽകിയില്ല എന്ന വെളിപ്പെടുത്തൽ നടത്തിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ചിലിയൻ റഫറിയായ കാർലോസ് കാണ്ടിയ.
മെസ്സിയെ യെല്ലോ കാർഡ് നൽകി പുറത്താക്കിയാൽ തനിക്ക് അദ്ദേഹത്തിന്റെ ജേഴ്സി ലഭിച്ചില്ലെങ്കിലോ എന്ന് കരുതിയാണ് കാർഡ് നൽകാതിരുന്നത് എന്നും ഇദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് മെസ്സിക്ക് ഫൈനൽ മത്സരം കളിക്കാൻ പറ്റിയെന്നും ഇദ്ദേഹം വെളിപ്പെടുത്തി.കാർലോസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” മെസ്സി ഓൾറെഡി മത്സരത്തിൽ ഒരു യെല്ലോ കാർഡ് വഴങ്ങിയിരുന്നു. 3 മിനിറ്റ് ആയിരുന്നു അധിക സമയം ഉണ്ടായിരുന്നത്. അർജന്റീന മെക്സിക്കോക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മുന്നിട്ടുനിൽക്കുകയായിരുന്നു. ആ സമയത്താണ് മൈതാന മധ്യത്തിൽ വച്ചുകൊണ്ട് മെസ്സി യെല്ലോ കാർഡ് അർഹിക്കുന്ന ഒരു ഫൗൾ ചെയ്തിരുന്നു.ഗോളാവാനുള്ള സാധ്യതകൾ ഒന്നുംതന്നെ അവിടെ ഉണ്ടായിരുന്നില്ല. ഞാൻ അപ്പോൾ മെസ്സിക്ക് യെല്ലോ കാർഡ് നൽകിയിരുന്നുവെങ്കിൽ അദ്ദേഹം പുറത്താകുമായിരുന്നു.ഫൈനലും നഷ്ടമാകുമായിരുന്നു.
എന്നാൽ ആ ഘട്ടത്തിൽ മെസ്സിക്ക് യെല്ലോ കാർഡ് നൽകിയാൽ അദ്ദേഹത്തിന്റെ ജേഴ്സി പിന്നീട് ലഭിക്കില്ല എന്ന് ഞാൻ മനസ്സിലാക്കി.അങ്ങനെ മെസ്സിയെ തുടരാൻ ഞാൻ അനുവദിക്കുകയായിരുന്നു. പിന്നീട് ലയണൽ മെസ്സിയുടെ പതിനെട്ടാം നമ്പർ ജേഴ്സി എനിക്ക് ലഭിച്ചു. ഡ്രസ്സിംഗ് റൂമിൽ വച്ചുകൊണ്ടായിരുന്നു മെസ്സി തന്റെ ജേഴ്സി നൽകിയിരുന്നത് “ഇതാണ് റഫറി പറഞ്ഞിട്ടുള്ളത്.
അധികം വൈകാതെ തന്നെ ഇദ്ദേഹം റഫറിങ് കരിയർ അവസാനിപ്പിക്കുകയും ചെയ്തിരുന്നു.പിന്നീട് ഫൈനൽ മത്സരം അർജന്റീനയും ബ്രസീലും തമ്മിലായിരുന്നു നടന്നിരുന്നത്.മെസ്സി ഈ മത്സരത്തിൽ കളിക്കുകയും ചെയ്തിരുന്നു.എന്നാൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അർജന്റീനയെ തോൽപ്പിച്ചുകൊണ്ട് ബ്രസീൽ കിരീടം സ്വന്തമാക്കുകയായിരുന്നു.