ക്ലബ്ബിൽ പ്രതിസന്ധികൾ മാത്രം,എന്നിട്ടും മിന്നിയ തന്റെ താരങ്ങളെ പ്രശംസിച്ച് ഫ്രഞ്ച് പരിശീലകൻ !

ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രാൻസ് പോർച്ചുഗല്ലിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ അൻപത്തിമൂന്നാം മിനിറ്റിൽ കാന്റെ നേടിയ ഗോളിലൂടെയാണ് ഫ്രാൻസ് വിജയം സ്വന്തമാക്കിയത്. എന്നാൽ പരിശീലകൻ ദിദിയർ ദെഷാപ്സിനെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ച കാര്യം സൂപ്പർ താരങ്ങൾ മികച്ച പ്രകടനം നടത്തി എന്നുള്ളതാണ്. പോൾ പോഗ്ബ, അന്റോയിൻ ഗ്രീസ്‌മാൻ, റാഫേൽ വരാനെ എന്നിവരെല്ലാം തന്നെ ഇന്നലെ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച്ചവെച്ചത്. തങ്ങളുടെ ക്ലബുകളിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന താരങ്ങളാണിവർ. ഇവരെല്ലാം ഫോമിലേക്ക് തിരിച്ചെത്തിയതാണ് ഫ്രഞ്ച് പരിശീകനെ ഏറെ സന്തോഷിപ്പിച്ച കാര്യം. ഫിൻലാന്റിനേതിരെ നടന്ന സൗഹൃദമത്സരത്തിൽ ഫ്രാൻസ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്‌ അട്ടിമറി തോൽവി ഏറ്റുവാങ്ങിയിരുന്നു. എന്നാൽ അതിന് ശേഷം പോർച്ചുഗല്ലിനെ കീഴടക്കാനായതിന്റെ സന്തോഷത്തിലാണ് ഫ്രഞ്ച് പരിശീലകൻ.

” താരങ്ങളുടെ മികച്ച പ്രകടനത്തിൽ ഞാൻ സന്തോഷവാനാണ്. അർഹിച്ച വിജയമാണ് ഞങ്ങൾ നേടിയത്. മികച്ച ഒത്തിണക്കത്തോടെയും ക്വാളിറ്റിയോടെയുമാണ് ഞങ്ങൾ ഇന്ന് കളിച്ചത്. ഞങ്ങൾ ഞങ്ങളുടെ ലക്ഷ്യം നേടിക്കഴിഞ്ഞിരിക്കുന്നു. ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു. ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയും ചെയ്യും. എന്റെ താരങ്ങളെയോർത്ത്‌ എനിക്ക് അഭിമാനമാണ്. ഇതൊരിക്കലും എളുപ്പമല്ലായിരുന്നു. പ്രത്യേകിച്ച് ഈ സങ്കീർണമായ സാഹചര്യത്തിൽ. ക്ലബുകളിൽ ചില താരങ്ങളുടെ അവസ്ഥ നല്ലതായിരുന്നില്ല. പക്ഷെ അവർ ഇവിടെ എത്തിയപ്പോൾ അവർക്ക് വിജയതൃഷ്ണത കൈവന്നു. അത് ഫ്രാൻസിനെ ഇപ്പോഴും മികച്ച ടീമായി നിലനിർത്തുന്നു. എതിരാളികളുടെ ക്വാളിറ്റി പരിഗണിക്കുമ്പോൾ, ഫ്രാൻസ് മിന്നുന്ന പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്. ഞാനൊരിക്കലും ഇതിന് മുമ്പ് കളിച്ച മത്സരത്തെ പറ്റി സംസാരിക്കാൻ പോവുന്നില്ല. ഇത്പോലെ കളിക്കാനാണ് താരങ്ങൾ എപ്പോഴും മുൻഗണന നൽകുന്നത് ” മത്സരശേഷം ഫ്രഞ്ച് പരിശീലകൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *