ക്രിസ്റ്റ്യാനോയെ പുറത്തിരുത്താൻ കോച്ചിന് പേടി:സട്ടൻ

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ഈ യൂറോകപ്പ് അത്ര നല്ല രീതിയിൽ അല്ല മുന്നോട്ടുപോകുന്നത്.നാല് മത്സരങ്ങൾ കളിച്ചിട്ടും ഒരു ഗോൾ പോലും നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.കഴിഞ്ഞ മത്സരത്തിൽ റൊണാൾഡോക്ക് തൊട്ടതെല്ലാം പിഴച്ചിരുന്നു.നിർണായക പെനാൽറ്റി അദ്ദേഹം പാഴാക്കിയിരുന്നു.തുടർന്ന് നിയന്ത്രണം വിട്ട് താരം കരയുകയും ചെയ്തിരുന്നു.

ഏതായാലും ഈ വിഷയത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ വലിയ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ് മുൻ ഇംഗ്ലീഷ് താരമായ ക്രിസ് സട്ടൻ. കഴിഞ്ഞ മത്സരത്തിൽ റൊണാൾഡോ പാർക്കിൽ പന്ത് തട്ടി കളിക്കുന്ന ഒരു കുട്ടിയെ പോലെയായിരുന്നു ഉണ്ടായിരുന്നത് എന്നാണ് ഇദ്ദേഹം പരിഹസിച്ചിട്ടുള്ളത്.ക്രിസ്റ്റ്യാനോയെ പുറത്തിരുത്താൻ പരിശീലകന് പേടിയാണെന്നും ഇദ്ദേഹം ആരോപിച്ചു.സട്ടന്റെ വാക്കുകൾ ഇങ്ങനെയാണ്.

” യഥാർത്ഥത്തിൽ പോർച്ചുഗൽ പരിശീലകന് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പേടിയാണ്.അദ്ദേഹത്തെ പുറത്തിരുത്താൻ ധൈര്യമില്ല. ഒരു താരത്തെക്കൊണ്ട് ടീമിനെ ഗുണമില്ലെങ്കിൽ അദ്ദേഹത്തെ പുറത്തിരുക്കാനുള്ള ധൈര്യം പരിശീലകൻ കാണിക്കണം.ആ താരത്തിന്റെ പേര് നോക്കേണ്ട കാര്യമില്ല. ബുദ്ധിമുട്ടേറിയ തീരുമാനങ്ങൾ എടുക്കാനുള്ള ധൈര്യം ഒരു പരിശീലകന് നിർബന്ധമാണ്.ക്രിസ്റ്റ്യാനോക്ക് ഒരു അത്ഭുതകരമായ കരിയർ തന്നെ ഉണ്ട് എന്നത് ആരും നിഷേധിക്കുന്നില്ല.പക്ഷേ കഴിഞ്ഞ മത്സരത്തിൽ റൊണാൾഡോ പാർക്കിൽ പന്ത് തട്ടി കളിക്കുന്ന ഒരു കുട്ടിയെ പോലെയായിരുന്നു. വെറും സെൽഫിഷ് ആയിട്ടുള്ള പ്രകടനമായിരുന്നു റൊണാൾഡോ നടത്തിയത്.ബ്രൂണോ അവിടെ ഉണ്ടായിട്ടും എല്ലാ ഫ്രീകിക്കുകളും റൊണാൾഡോ എടുക്കുകയാണ് ചെയ്തത്. അത് നാണംകെട്ട ഒരു പ്രവർത്തിയായിരുന്നു. എത്ര വലിയ താരമായാലും സമ്മർദ്ദം നമ്മെ പിടിച്ചുലക്കും എന്നുള്ളതിന്റെ തെളിവായിരുന്നു ആ പെനാൽറ്റിയും അതേ തുടർന്ന് ഉണ്ടായ കരച്ചിലും ” ഇതാണ് മുൻ ഇംഗ്ലീഷ് താരം പറഞ്ഞിട്ടുള്ളത്.

ഏതായാലും അടുത്ത ക്വാർട്ടർ ഫൈനൽ മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ പോർച്ചുഗൽ ഉള്ളത്.കരുത്തരായ ഫ്രാൻസാണ് അവരുടെ എതിരാളികൾ. നാളെ അർദ്ധരാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക. മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്റ്റാർട്ട് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *