ക്യാപ്റ്റനായി കൊണ്ടുള്ള അരങ്ങേറ്റത്തിന്റെ അനുഭവങ്ങൾ എങ്ങനെ? എംബപ്പേ മനസ്സ് തുറക്കുന്നു!

ഇന്നലെ യൂറോ യോഗ്യതയിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം നേടാൻ ഫ്രാൻസിന് സാധിച്ചിരുന്നു.എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഫ്രാൻസ് നെതർലാന്റ്സിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം കിലിയൻ എംബപ്പേ തന്നെയാണ് ഈ മത്സരത്തിൽ തിളങ്ങിയത്.രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് താരം കരസ്ഥമാക്കിയത്.ഗ്രീസ്മാൻ,ഉപമെക്കാനോ എന്നിവർ ശേഷിച്ച ഗോളുകൾ നേടി.

ഫ്രഞ്ച് ദേശീയ ടീമിന്റെ ക്യാപ്റ്റനായി കൊണ്ടുള്ള അരങ്ങേറ്റമാണ് ഇന്ന് കിലിയൻ എംബപ്പേ നടത്തിയത്. ഇതിന്റെ അനുഭവങ്ങളെ കുറിച്ച് മത്സരശേഷം അദ്ദേഹത്തോട് ചോദിക്കപ്പെട്ടിരുന്നു. എന്നാൽ നോർമലായ അനുഭവം മാത്രമാണെന്നും വ്യത്യസ്തമായി ഒന്നുമില്ല എന്നുമാണ് എംബപ്പേ മറുപടി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ RMC സ്പോർട് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ക്യാപ്റ്റനായി എന്ന് കരുതി പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ല. എല്ലാം നോർമലാണ്. ടീമിനെ സഹായിക്കുക എന്നുള്ളതാണ് എന്റെ ജോലി.അത് ഞാൻ തുടരുക തന്നെ ചെയ്യും.എപ്പോഴും വ്യത്യസ്തതകൾ സൃഷ്ടിക്കാനും നിർണായക താരമായി മാറാനുമാണ് ഞാൻ ശ്രമിക്കാറുള്ളത്.മാത്രമല്ല എല്ലാ താരങ്ങളെയും ഒരുമിച്ച് ചേർക്കണം. ഇന്നത്തെ മത്സരത്തിൽ അത് വർക്കായിട്ടുണ്ട്.പക്ഷേ ഇതൊരു തുടക്കം മാത്രമാണ്. തീർച്ചയായും ഒരുപാട് ബുദ്ധിമുട്ടേറിയ നിമിഷങ്ങൾ ഇനി വരാനുണ്ടാവും ” ഇതാണ് എംബപ്പേ ഇപ്പോൾ പറഞ്ഞിട്ടുള്ളത്.

ഇന്നലത്തെ ഇരട്ട ഗോളോടുകൂടി ഫ്രാൻസിന് വേണ്ടി ആകെ 38 ഗോളുകൾ പൂർത്തിയാക്കാൻ ഇപ്പോൾ ഈ സൂപ്പർതാരത്തിന് കഴിഞ്ഞിട്ടുണ്ട്. ഫ്രാൻസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ അഞ്ചാമത്തെ താരമായി മാറാനും ഇപ്പോൾ എംബപ്പേക്ക് സാധിച്ചു. ഇനി അടുത്ത മത്സരത്തിൽ അയർലൻഡ് ആണ് ഫ്രാൻസിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *