കോപ വിജയിച്ചാൽ ബാലൺഡി’ഓർ മെസ്സിക്കോ? പെപ് പറയുന്നു!

മറ്റൊരു കോപ്പ അമേരിക്ക ഫൈനലിനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ലയണൽ മെസ്സിയുള്ളത്. കഴിഞ്ഞ തവണ ബ്രസീലിനെ തോൽപ്പിച്ചുകൊണ്ട് മെസ്സിയും സംഘവും കിരീടം സ്വന്തമാക്കിയിരുന്നു. ഇത്തവണ കൊളംബിയയാണ് അർജന്റീനയുടെ എതിരാളികൾ. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് ഈയൊരു ഫൈനൽ മത്സരം അരങ്ങേറുക.

നിലവിൽ ഈ വർഷത്തെ ബാലൺ ഡി’ഓർ പോരാട്ടത്തിൽ ലയണൽ മെസ്സിക്ക് വലിയ സാധ്യതകൾ ഒന്നും കൽപ്പിക്കുന്നില്ല.പക്ഷേ കോപ്പ അമേരിക്ക കിരീടം നേടി കഴിഞ്ഞാൽ മെസ്സി മുന്നോട്ടു വരാൻ സാധ്യതയുണ്ട്. കോപ്പ ലഭിച്ചു കഴിഞ്ഞാൽ മെസ്സിക്ക് ബാലൺഡി’ഓർ ലഭിക്കാൻ സാധ്യതയുണ്ടോ എന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ്പിനോട് ചോദിച്ചിരുന്നു. എന്നാൽ മെസ്സി ബാലൺഡി’ഓറിന് വേണ്ടി കളിക്കുന്ന ഒരാളല്ല എന്നാണ് പെപ് മറുപടി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലയണൽ മെസ്സി ബാലൺഡി’ഓർ പുരസ്കാരത്തിന് വേണ്ടി കളിക്കുന്നത് ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല. അദ്ദേഹം കളിക്കുന്നത് ഫുട്ബോളിനെ ഇഷ്ടമായത് കൊണ്ടാണ്. കൂടാതെ കിരീടങ്ങൾ നേടാൻ അദ്ദേഹം ആഗ്രഹിക്കുന്നു.ഇതിനൊക്കെ പുറമേ അദ്ദേഹത്തിന് അസാധ്യമായ ഒരു ടാലന്റ് തന്നെയുണ്ട്. മെസ്സി ബാലൺഡി’ഓർ ശ്രദ്ധിക്കുന്നേ ഇല്ല. അദ്ദേഹത്തെ നോമിനേറ്റ് ചെയ്താൽ പോലും ആ സെറിമണിയിൽ മെസ്സി പങ്കെടുക്കുമെന്ന് ഞാൻ കരുതുന്നില്ല.മെസ്സി എല്ലാം ചെയ്തു തീർത്ത ഒരാളാണ്.അദ്ദേഹത്തെ പരമാവധി ആസ്വദിക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്. കുറച്ചുകാലം കൂടി മെസ്സി ഇവിടെ തുടരണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. അത് കിരീടങ്ങൾക്ക് വേണ്ടിയല്ല.അദ്ദേഹത്തെ ആസ്വദിക്കാൻ വേണ്ടിയാണ്. കിരീടങ്ങൾക്ക് വേണ്ടി കളിക്കുന്ന മെസ്സിയുടെ കാലമൊക്കെ കഴിഞ്ഞുപോയി ” ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.

വിനീഷ്യസ് ജൂനിയർ,ജൂഡ് ബെല്ലിങ്ങ്ഹാം എന്നീ രണ്ട് താരങ്ങൾക്കാണ് നിലവിൽ ഏറ്റവും കൂടുതൽ ബാലൺഡി’ഓർ സാധ്യത കൽപ്പിക്കപ്പെടുന്നത്. അതേസമയം സ്പാനിഷ് താരങ്ങളായ റോഡ്രി,കാർവഹൽ എന്നിവരൊക്കെ ഇപ്പോൾ പവർ റാങ്കിങ്ങിൽ മുന്നോട്ട് കയറി വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *