കോപ്പ അമേരിക്കയിൽ മെസ്സി തകർക്കാൻ ഒരുങ്ങുന്നത് നിരവധി റെക്കോർഡുകൾ!
കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് നിലവിൽ അർജന്റീന ദേശീയ ടീമുള്ളത്.എതിരാളികൾ കാനഡയാണ്. വരുന്ന വെള്ളിയാഴ്ച പുലർച്ച ഇന്ത്യൻ സമയം 5:30നാണ് ഈയൊരു മത്സരം കാണാൻ സാധിക്കുക.നായകൻ ലയണൽ മെസ്സിയിലാണ് പതിവുപോലെ അർജന്റീന മുഴുവൻ പ്രതീക്ഷകളും അർപ്പിച്ചിരിക്കുന്നത്.
ഈ കോപ്പ അമേരിക്കയിൽ നിരവധി റെക്കോർഡുകൾ മെസ്സിയെ കാത്തിരിക്കുന്നുണ്ട്.അതൊന്ന് നമുക്ക് പരിശോധിക്കാം.ഏറ്റവും കൂടുതൽ കോപ്പ അമേരിക്ക ടൂർണമെന്റുകളിൽ പങ്കെടുത്ത അർജന്റീന താരം എന്ന റെക്കോർഡ് മെസ്സിക്കാണ് ഉള്ളത്.ഇത് ഏഴാമത്തെ കോപ്പ അമേരിക്കയിലാണ് മെസ്സി പങ്കെടുക്കാൻ പോകുന്നത്. 2007ലായിരുന്നു ലയണൽ മെസ്സി കോപ്പ അമേരിക്ക ടൂർണമെന്റിൽ അരങ്ങേറ്റം കുറിച്ചത്. അതോടൊപ്പം തന്നെ കോപ്പ അമേരിക്ക ടൂർണ്ണമെന്റിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി മാറാനുള്ള സുവർണ്ണാവസരവും മെസ്സിയുടെ മുൻപിൽ ഉണ്ട്. ഈ കോമ്പറ്റീഷനിൽ ആകെ 13 ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്.
17 ഗോളുകൾ നേടിയിട്ടുള്ള സീസിഞ്ഞോ,മെന്റസ് എന്നിവരാണ് ഒന്നാം സ്ഥാനത്തുള്ളത്. ഈ കോപ്പയിൽ 5 ഗോളുകൾ നേടാൻ മെസ്സിക്ക് കഴിഞ്ഞാൽ അദ്ദേഹം ഈ റെക്കോർഡ് തനിച്ച് സ്വന്തമാക്കും. കൂടാതെ കോപ്പ അമേരിക്ക കോമ്പറ്റീഷനിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം എന്ന റെക്കോർഡ് തനിച്ച് സ്വന്തമാക്കാൻ മെസ്സിക്ക് അടുത്ത മത്സരത്തോടുകൂടി കഴിയും. നിലവിൽ 34 മത്സരങ്ങൾ കളിച്ചുകൊണ്ട് മെസ്സി ഒന്നാം സ്ഥാനം പങ്കെടുക്കുകയാണ്. അടുത്ത മത്സരത്തിൽ കളിക്കുന്നതോടുകൂടി അത് 35 ആയി വർദ്ധിക്കും.
കോപ്പ അമേരിക്കയിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം രണ്ട് തവണ മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. ഒരുതവണ കൂടി സ്വന്തമാക്കിയാൽ അത് റെക്കോർഡായിരിക്കും. നിലവിലെ ജേതാവായ മെസ്സി ബെസ്റ്റ് പ്ലെയർക്കുള്ള പുരസ്കാരം നിലനിർത്തും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കൂടാതെ മറ്റൊന്ന് അർജന്റീനയുടെ റെക്കോർഡ് ആണ്. നിലവിൽ ഏറ്റവും കൂടുതൽ കോപ്പ അമേരിക്ക കിരീടം നേടിയിട്ടുള്ളത് ഉറുഗ്വയാണ്.15 തവണ അവർ സ്വന്തമാക്കിയിട്ടുണ്ട്. ഇത്തവണ അർജന്റീന നേടിയാൽ ഉറുഗ്വക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടാൻ അവർക്ക് സാധിക്കും. അതിന് വേണ്ടിയുള്ള ശ്രമങ്ങൾ ആയിരിക്കും അർജന്റീന നടത്തുക.