കോപ്പ അമേരിക്കക്കിടയിൽ അർജന്റൈൻ താരങ്ങളുടെ കൂടുമാറ്റം!

ഈ കോപ്പ അമേരിക്കയിൽ മികച്ച പ്രകടനമാണ് അർജന്റീന കാഴ്ച്ചവെച്ചു കൊണ്ടിരിക്കുന്നത്. സെമി ഫൈനലിൽ കൊളംബിയയെയാണ് അർജന്റീന നേരിടുന്നത്. ഏതായാലും ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലും ഒരുപിടി അർജന്റൈൻ താരങ്ങൾ ചർച്ചാവിഷയമാണ്. ചില താരങ്ങൾ കൂടുമാറിയപ്പോൾ ചില താരങ്ങൾ കൂടുമാറാനുള്ള ഒരുക്കത്തിലാണ്. അത്തരത്തിലുള്ള ആറ് താരങ്ങളെയൊന്ന് പരിശോധിക്കാം.

1- റോഡ്രിഗോ ഡി പോൾ

ഉഡിനസിന്റെ താരമായ ഡി പോൾ മികച്ച പ്രകടനമാണ് കഴിഞ്ഞ സീസണിൽ കാഴ്ച്ചവെച്ചത്. അത്കൊണ്ട് തന്നെ താരത്തെ ടീമിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് അത്ലറ്റിക്കോ മാഡ്രിഡ്‌ പരിശീലകനായ ഡിയഗോ സിമയോണി. ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഡി പോൾ അത്ലറ്റിക്കോയുമായി കരാറിൽ എത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്.35 മില്യൺ യൂറോക്ക് 5 വർഷത്തെ കരാറിലാണ് ഒപ്പ് വെക്കുക എന്നാണ് സൂചനകൾ.

2- നിക്കോളാസ് ഗോൺസാലസ്.

ഇതുവരെ സ്റ്റുട്ട്ഗർട്ടിന് വേണ്ടി കളിച്ചിരുന്ന ഈ മുന്നേറ്റനിരതാരത്തെ ഈ ട്രാൻസ്ഫർ വിൻഡോയിലാണ് ഫിയോറെന്റിന റാഞ്ചിയത്.22.5 മില്യൺ യൂറോക്കാണ് ഫിയോറെന്റിന താരത്തെ ടീമിൽ എത്തിച്ചിരിക്കുന്നത്.2026 വരെയാണ് താരത്തിന് കരാറുള്ളത്.അർജന്റൈൻ സഹതാരങ്ങളായ ജർമ്മൻ പെസല്ല, മാർട്ടിനെസ് ക്വാർട്ട എന്നിവർക്കൊപ്പം ഗോൺസാലസ് കളിക്കും.

3- ജുവാൻ മുസ്സോ

ഉഡിനസ് താരമായ മുസ്സോ ഈ സമ്മറിൽ അറ്റലാന്റയിലേക്ക് ചേക്കേറിയേക്കും.21 മില്യൺ യൂറോക്കായിരിക്കും ഈ ഗോൾകീപ്പർ അറ്റലാന്റയിൽ എത്തുക. നാല് വർഷത്തെ കരാറിൽ താരം ഒപ്പ് വെച്ചേക്കും. ഇക്കാര്യം ഉടൻ തന്നെ ഒഫീഷ്യൽ ആയി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

4- ക്രിസ്റ്റ്യൻ റൊമേറോ

കഴിഞ്ഞ സീസണിൽ അറ്റലാന്റക്ക് വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുത്ത റൊമേറോ സിരി എയിലെ ബെസ്റ്റ് ഡിഫൻഡറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അത്കൊണ്ട് തന്നെ യുവന്റസാണ് താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.2026 വരെ താരത്തിന് അറ്റലാന്റയുമായി കരാർ ഉണ്ടെങ്കിലും താരത്തെ റാഞ്ചാനുള്ള ഒരുക്കത്തിലാണ് യുവന്റസ്.

5- സെർജിയോ അഗ്വേറോ

പത്ത് വർഷക്കാലം മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി പന്ത് തട്ടിയ അഗ്വേറോ ക്ലബ്ബിനോട് വിടപറഞ്ഞിരുന്നു. സഹതാരമായ ലയണൽ മെസ്സിയുടെ ബാഴ്‌സയിലേക്കാണ് സിറ്റിയുടെ എക്കാലത്തെയും മികച്ച ടോപ് സ്‌കോറർ കൂടുമാറുന്നത്. അടുത്ത സീസണിൽ അഗ്വേറോയെ ബാഴ്‌സ ജേഴ്സിയിൽ കാണാം.

6- ലയണൽ മെസ്സി

നിലവിൽ മെസ്സിയൊരു ബാഴ്‌സ താരമല്ല. എന്ന് വെച്ചാൽ മെസ്സിയുടെ ബാഴ്‌സയുമായുള്ള കരാർ അവസാനിച്ചിരിക്കുന്നു. പക്ഷേ മെസ്സി കരാർ പുതുക്കുമെന്നുതന്നെയാണ് പ്രതീക്ഷകൾ.

Leave a Reply

Your email address will not be published. Required fields are marked *