കൊളംബിയ,ബൊളീവിയ,ഇക്വഡോർ എന്നിവിടങ്ങളിൽ ഒന്ന് കളിച്ചു നോക്കൂ : എംബപ്പെക്ക് മറുപടിയുമായി എമി മാർട്ടിനെസും!

ദിവസങ്ങൾക്ക് മുമ്പായിരുന്നു പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേ സൗത്ത് അമേരിക്കൻ ഫുട്ബോളിനെയും യൂറോപ്യൻ ഫുട്ബോളിനെയും താരതമ്യം ചെയ്തു കൊണ്ട് ഒരു പ്രസ്താവന നടത്തിയത്. അതായത് വേൾഡ് കപ്പിലേക്ക് എത്താൻ അർജന്റീനയും ബ്രസീലും നല്ല നിലവാരമുള്ള മത്സരങ്ങൾ കളിക്കേണ്ടി വരുന്നില്ല എന്നായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം. മാത്രമല്ല ലാറ്റിനമേരിക്കൻ ഫുട്ബോളിനെക്കാൾ മികച്ചതാണ് യൂറോപ്യൻ ഫുട്ബോളെന്നും എംബപ്പേ കൂട്ടിച്ചേർത്തിരുന്നു.

എന്നാൽ എംബപ്പേയുടെ ഈയൊരു വാദത്തിന് അർജന്റൈൻ സൂപ്പർതാരമായ എമി മാർട്ടിനസ് ഇപ്പോൾ മറുപടി നൽകിയിട്ടുണ്ട്.അതായത് ലാറ്റിനമേരിക്കയിൽ കളിക്കുന്നതും യാത്ര ചെയ്യുന്നതും വളരെയധികം ബുദ്ധിമുട്ടാണ് എന്നാണ് അർജന്റൈൻ ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമമായ TYC സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു താരം.എമിലിയാനോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ബൊളീവിയയിൽ ലാ പാസിലെ ഉയരമേറിയ മൈതാനത്ത്,ഇക്വഡോറിൽ 30 ഡിഗ്രി കാലാവസ്ഥയിൽ,ശ്വാസം എടുക്കാൻ പോലും ബുദ്ധിമുട്ടുള്ള കൊളംബിയയിൽ ഇവിടെയൊക്കെയാണ് ഞങ്ങൾക്ക് കളിക്കേണ്ടി വരുന്നത്. അവർ എപ്പോഴും പെർഫെക്റ്റായ സ്ഥലങ്ങളിലാണ് കളിക്കുന്നത്.സൗത്ത് അമേരിക്കയിൽ കളിക്കുന്നതിനെ കുറിച്ച് അവർക്ക് ഒന്നുമറിയില്ല. ദേശീയ ടീമിനൊപ്പം യാത്ര ചെയ്യുമ്പോൾ ചുരുങ്ങിയത് രണ്ട് ദിവസമെങ്കിലും ഞങ്ങൾക്ക് സഞ്ചരിക്കേണ്ടി വരുന്നു. അതുകൊണ്ടുതന്നെ ക്ഷീണിതരായി കൊണ്ടാണ് ഞങ്ങൾ പരിശീലനം നടത്തേണ്ടത്. അത് പലപ്പോഴും സാധ്യമാവാറില്ല. അതേസമയം ഇംഗ്ലണ്ടിൽ കേവലം അര മണിക്കൂർ മാത്രം യാത്ര ചെയ്താൽ മൈതാനങ്ങളിലേക്ക് എത്താം. യൂറോപ്യൻ ടീമുകളെ ബൊളീവിയ,കൊളംബിയ,ഇക്വ ഡോർ എന്നിവിടങ്ങളിലേക്ക് ഒന്ന് പറഞ്ഞയച്ചു നോക്കണം. അപ്പോൾ മനസ്സിലാകും അവിടെ കളിക്കുന്നതിന്റെ ബുദ്ധിമുട്ട് ” ഇതാണ് എമി മാർട്ടിനസ് പറഞ്ഞിട്ടുള്ളത്.

ഏതായാലും എംബപ്പെയുടെ ഈ പ്രസ്താവന ഫുട്ബോൾ ലോകത്ത് വലിയ ചർച്ചാവിഷയമാണ്.ഫാബിഞ്ഞോ,ലൗറ്ററോ മാർട്ടിനെസ് എന്നിവരൊക്കെ എംബപ്പെക്ക് മറുപടി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *