കഴിഞ്ഞത് കഴിഞ്ഞു, ഏതൊരു മത്സരത്തിനു മുൻപും ഇവിടെ ഭയങ്കര ടെൻഷനായിരിക്കും:സ്‌കലോണി

കോപ്പ അമേരിക്കയിലെ തങ്ങളുടെ ആദ്യ മത്സരത്തിനു വേണ്ടി അർജന്റീന ഇന്ന് ഇറങ്ങുകയാണ്.എതിരാളികൾ കാനഡയാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5:30ന് അമേരിക്കയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുന്നത്. നിലവിലെ ജേതാക്കളായ അർജന്റീനയുടെ ലക്ഷ്യം കിരീടം നിലനിർത്തുക എന്നതാണ്.വിജയിച്ചുകൊണ്ട് തുടങ്ങാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് ലയണൽ മെസ്സിയും സംഘവുമുള്ളത്.

ഈ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ നിരവധി കാര്യങ്ങളെക്കുറിച്ച് അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി സംസാരിച്ചിട്ടുണ്ട്. കഴിഞ്ഞതൊക്കെ കഴിഞ്ഞുവെന്നും വളരെ ഗൗരവത്തോടെ കൂടിയാണ് ഈ മത്സരത്തെ പരിഗണിക്കുക എന്നുമാണ് സ്‌കലോണി പറഞ്ഞിട്ടുള്ളത്. ഗൗരവത്തോടെ പരിഗണിക്കുന്നത് കൊണ്ട് തന്നെ എപ്പോഴും ടെൻഷൻ ഉണ്ടാകുമെന്നും സ്‌കലോണി കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങൾ ഇതുവരെ സ്വന്തമാക്കിയതെല്ലാം വളരെയധികം മതിപ്പുളവാക്കുന്ന നേട്ടങ്ങളാണ്.പക്ഷേ അതെല്ലാം അവിടെ അവസാനിച്ചു. വളരെ ഗൗരവത്തോടെ കൂടി തന്നെ ഞങ്ങൾ ഇനിയുള്ള മത്സരങ്ങളെ സമീപിക്കും.അതുകൊണ്ടുതന്നെ ഞങ്ങളുടെ ടീമിൽ ഓരോ മത്സരത്തിനു മുൻപേയും വളരെയധികം ടെൻഷനും ഉൽക്കണ്ഠയും ഉണ്ടാകും.ഞങ്ങൾ ഇങ്ങനെയൊക്കെയാണ്. അതുകൊണ്ടുതന്നെയാണ് ഞങ്ങൾ ഈ നിലയിൽ എത്തിയിട്ടുള്ളതും “ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

കാനഡയെ വളരെ ഗൗരവത്തോടുകൂടി തന്നെ പരിഗണിക്കും എന്ന് തന്നെയാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് സൗഹൃദമത്സരങ്ങളിലും അർജന്റീന വിജയം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ മത്സരത്തിൽ മെസ്സിയും ലൗറ്ററോയുമൊക്കെ തിളങ്ങിയത് അർജന്റൈൻ ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്. ഇന്നത്തെ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ലയണൽ മെസ്സി ഉണ്ടാകും എന്നത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *