കപ്പടിക്കാനുള്ള രണ്ട് ടീമുകൾ അവർക്കുണ്ട്: പോർച്ചുഗല്ലിനെ കുറിച്ച് മൊറിഞ്ഞോ!
ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ വമ്പൻമാരായ പോർച്ചുഗലിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ക്രൊയേഷ്യ പോർച്ചുഗലിനെ പരാജയപ്പെടുത്തിയത്.മോഡ്രിച്ച്,ബുഡിമിർ എന്നിവർ നേടിയ ഗോളുകളാണ് ക്രൊയേഷ്യക്ക് വിജയം സമ്മാനിച്ചത്.പോർച്ചുഗലിന്റെ ഏക ഗോൾ നേടിയത് ജോട്ടയാണ്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ മത്സരത്തിൽ കളിച്ചിരുന്നില്ല.
പ്രശസ്ത പോർച്ചുഗീസ് പരിശീലകനായ ഹൊസേ മൊറിഞ്ഞോയെ ഈ തോൽവി ആശങ്കപ്പെടുത്തുന്നില്ല. യൂറോ കപ്പിലെ കിരീട ഫേവറേറ്റുകളിൽ ഒന്ന് പോർച്ചുഗല്ലാണ് ഇന്ന് ഇദ്ദേഹം പറഞ്ഞിട്ടുണ്ട്. കിരീടത്തിന് വേണ്ടി പോരാടിക്കാൻ കഴിയുന്ന രണ്ട് ടീമുകൾ പോർച്ചുഗലിന് ഉണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.പോർച്ചുഗല്ലിന്റെ സ്‌ക്വാഡ് ഡെപ്ത്തിനെയാണ് ഇദ്ദേഹം ഉദ്ദേശിച്ചിട്ടുള്ളത്.മൊറിഞ്ഞോയുടെ വാക്കുകൾ ഇങ്ങനെയാണ്.
” ഇത്തവണ മൂന്നോ നാലോ കരുത്തുറ്റ ടീമുകളാണ് ഉള്ളത്.പോർച്ചുഗൽ കിരീട സാധ്യതയുള്ള ടീമാണ്. അതോടൊപ്പം തന്നെ സ്പെയിനും ഇംഗ്ലണ്ടും ഫ്രാൻസും വരുന്നു. ഇറ്റലിക്ക് ഞാൻ കിരീട സാധ്യത കൽപ്പിക്കുന്നില്ല.കഴിഞ്ഞതവണ അവരാണ് സ്വന്തമാക്കിയതെങ്കിലും നിലനിർത്താൻ ഇത്തവണ സാധ്യത കുറവാണ്. ഒരുപാട് മികച്ച താരങ്ങൾ പോർച്ചുഗലിന് ഉണ്ട്.പക്ഷേ കിരീടം നേടുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിന് ഒരുപാട് കാര്യങ്ങൾ അനുകൂലമാവേണ്ടതുണ്ട്.എന്നിരുന്നാലും പോർച്ചുഗൽ ഇത്തവണ വളരെ കരുത്തരാണ്. ഒരുപാട് പ്രതിഭകൾ ടീമിൽ ഉണ്ട്. ഈ ടൂർണമെന്റിൽ കളിപ്പിക്കാൻ പറ്റിയ രണ്ട് ടീമുകൾ പോർച്ചുഗലിൽ തന്നെയുണ്ട് ” ഇതാണ് മൊറിഞ്ഞോ പറഞ്ഞിട്ടുള്ളത്.
ഇനി ഒരു സൗഹൃദ മത്സരം കൂടി പോർച്ചുഗൽ കളിക്കുന്നുണ്ട്. എതിരാളികൾ അയർലാൻഡാണ്. ആ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തിരിച്ചെത്തിയേക്കും. യൂറോ കപ്പിന്റെ ഗ്രൂപ്പ് ഘട്ടം പോർച്ചുഗല്ലിനെ സംബന്ധിച്ചിടത്തോളം എളുപ്പമായിരിക്കും.ചെക്ക് റിപ്പബ്ലിക്,തുർക്കി,ജോർജിയ എന്നിവരാണ് പോർച്ചുഗലിന്റെ എതിരാളികളായി കൊണ്ട് വരുന്നത്.