ഒളിമ്പിക്സിൽ കളിക്കുക എന്നത് മെസ്സിക്ക് എളുപ്പമാവില്ല,തടസ്സം ഇന്റർ മയാമി തന്നെ!

കഴിഞ്ഞ ദിവസമായിരുന്നു അർജന്റീന പാരീസ് ഒളിമ്പിക്സിന് യോഗ്യത കരസ്ഥമാക്കിയത്.ചിരവൈരികളായ ബ്രസീലിന് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീന പാരീസിലേക്ക് ടിക്കറ്റ് എടുക്കുകയായിരുന്നു. അതേസമയം നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ യോഗ്യത പോലും നേടാനാവാതെ പുറത്തായി.ഹവിയർ മശെരാനോക്ക് കീഴിലാണ് അർജന്റീനയുടെ അണ്ടർ 23 ടീം ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.

സൂപ്പർതാരം ലയണൽ മെസ്സിയെ ഈ പരിശീലകൻ ഇപ്പോൾ ഒളിമ്പിക്സിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മെസ്സി അർജന്റീനക്കൊപ്പം ഒളിമ്പിക്സ് കളിക്കണമെന്ന് തന്നെയാണ് എല്ലാവരുടെയും ആഗ്രഹം.പക്ഷേ ലയണൽ മെസ്സി ഇക്കാര്യത്തിൽ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല.ഒളിമ്പിക്സിൽ കളിക്കുക എന്നത് മെസ്സിയെ സംബന്ധിച്ചിടത്തോളം വളരെ സങ്കീർണമായ ഒരു കാര്യമാണ്. എന്തെന്നാൽ അമേരിക്കൻ ലീഗും ഇന്റർ മയാമിയും തന്നെയാണ് ഇവിടെ തടസ്സമായി നിലകൊള്ളുന്നത്.

ഒളിമ്പിക്സിന് മുന്നേ അർജന്റീനയുടെ ദേശീയ ടീമിനോടൊപ്പം മെസ്സിക്ക് കോപ്പ അമേരിക്ക കളിക്കേണ്ടതുണ്ട്.ജൂൺ ഇരുപതാം തീയതി മുതൽ ജൂലൈ പതിനാലാം തീയതി വരെയാണ് കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കുന്നത്.ഇതേ സമയത്ത് അമേരിക്കൻ ലീഗും നടക്കുന്നുണ്ട്. ചുരുങ്ങിയത് ഇന്റർ മയാമിയുടെ നാല് മത്സരങ്ങൾ എങ്കിലും മെസ്സിക്ക് കോപ്പ അമേരിക്ക കാരണം നഷ്ടമാകും.അതിനേക്കാൾ കൂടുതൽ മത്സരങ്ങളും നഷ്ടമാവാൻ സാധ്യതയുണ്ട്. അതിനുശേഷം ജൂലൈ 26 മുതൽ ഓഗസ്റ്റ് പതിനൊന്നാം തീയതി വരെയാണ് ഒളിമ്പിക്സ് മത്സരങ്ങൾ നടക്കുക.

മെസ്സി കോപ്പ അമേരിക്കക്ക് പുറമെ ഒളിമ്പിക്സിൽ കൂടി പങ്കെടുക്കുകയാണെങ്കിൽ കൂടുതൽ മത്സരങ്ങൾ ഇന്റർ മയാമിക്ക് നഷ്ടമാകും. അതായത് ജൂലൈ 26 ആം തീയതി മുതൽ ഓഗസ്റ്റ് 25ആം തീയതി വരെയാണ് ലീഗ്സ് കപ്പ് നടക്കുന്നത്. മെസ്സി ഒളിമ്പിക്സിന് പോവുകയാണെങ്കിൽ ലീഗ്സ് കപ്പിൽ മയാമി മെസ്സി ഇല്ലാതെ ഇറങ്ങേണ്ടിവരും.നിലവിലെ ചാമ്പ്യന്മാരായ അവർക്ക് അത് തിരിച്ചടിയാണ്.

ചുരുക്കത്തിൽ കോപ്പ അമേരിക്കയിലും ഒളിമ്പിക്സിലും പങ്കെടുക്കുക എന്നത് മെസ്സിയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള ഒന്നായിരിക്കും.അല്ലെങ്കിൽ ഇന്റർ മയാമി അതിന് അനുമതി നൽകേണ്ടതുണ്ട്. ഇക്കാര്യത്തിൽ പരിശീലകൻ മാർട്ടിനോയോ മെസ്സിയോ ഒന്നും തന്നെ തീരുമാനങ്ങൾ എടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *