ഒരു സംശയവും വേണ്ട, അയാളാണ് എന്നെ പരിശീലിപ്പിച്ച മോശം പരിശീലകൻ: വെളിപ്പെടുത്തി ഡി മരിയ
ഫുട്ബോൾ ലോകത്തെ പല മികച്ച പരിശീലകർക്ക് കീഴിൽ കളിക്കാൻ ഭാഗ്യം ലഭിച്ചിട്ടുള്ള താരമാണ് ഡി മരിയ.കാർലോ ആഞ്ചലോട്ടിക്ക് കീഴിൽ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ ഡി മരിയക്ക് കഴിഞ്ഞിട്ടുണ്ട്.അതേസമയം അർജന്റൈൻ പരിശീലകനായ ലയണൽ സ്‌കലോണിക്ക് കീഴിൽ വേൾഡ് കപ്പ് 2 കോപ്പ അമേരിക്കയും നേടിയ താരമാണ് ഡി മരിയ.ഡച്ച് പരിശീലകനായ വാൻ ഗാലിന് കീഴിലും ഈ താരം കളിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിലായിരുന്ന സമയത്തായിരുന്നു ഇരുവരും ഒരുമിച്ചിരുന്നത്.അർജന്റൈൻ താരങ്ങളുമായി അത്ര നല്ല ബന്ധം അവകാശപ്പെടാൻ ഇല്ലാത്ത പരിശീലകനാണ് വാൻ ഗാൽ.
അക്കാര്യം ഒരിക്കൽ കൂടി ഉറപ്പിച്ചിരിക്കുകയാണ് ഡി മരിയ. തന്റെ കരിയറിൽ തന്നെ പരിശീലിപ്പിച്ച ഏറ്റവും മോശം പരിശീലകൻ വാൻ ഗാലാണ് എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട എന്നാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്. ഏറ്റവും മികച്ച പരിശീലകനായി കൊണ്ട് ഇദ്ദേഹം തിരഞ്ഞെടുത്തത് ലയണൽ സ്‌കലോണിയെയാണ്.ESPN അർജന്റീനയാണ് അദ്ദേഹത്തിന്റെ വാക്കുകളെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താരം പറയുന്നത് ഇങ്ങനെയാണ്.
” എന്നെ പരിശീലിപ്പിച്ച ഏറ്റവും മോശം പരിശീലകൻ വാൻ ഗാലാണ്. അതിൽ സംശയങ്ങൾ ഒന്നുമില്ല. ഏറ്റവും മികച്ച പരിശീലകൻ സ്‌കലോണിയാണ്. അതിലും സംശയങ്ങൾ ഇല്ല. എല്ലാ അർത്ഥത്തിലും സ്‌കലോണി ഒരു മഹത്തായ പരിശീലകനാണ്. അദ്ദേഹം പെർഫെക്ട് ആണ്.ലോകത്തെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് അദ്ദേഹം.അലജാൻഡ്രോ സബല്ല എന്നിൽ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്.അദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ ഞാൻ പഠിച്ചിട്ടുണ്ട്.മൗറിഞ്ഞോ,ആഞ്ചലോട്ടി.. അങ്ങനെ ഒരുപാട് മികച്ച പരിശീലകർക്ക് കീഴിൽ കളിക്കാൻ കഴിഞ്ഞിട്ടുള്ള താരമാണ് ഞാൻ “ഇതാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്.
അർജന്റൈൻ ഇതിഹാസമായിരുന്ന റിക്വൽമിയുമായി നേരത്തെ വാൻ ഗാലിന് പ്രശ്നങ്ങൾ ഉണ്ടായിരുന്നു.ഡി മരിയയെ മോശം രീതിയിൽ ആയിരുന്നു ഇദ്ദേഹം ട്രീറ്റ് ചെയ്തിരുന്നു. ഏറ്റവും ഒടുവിൽ ഖത്തർ വേൾഡ് കപ്പിൽ മെസ്സി പോലും വാൻ ഗാലിനെതിരെ സംസാരിക്കുകയും സെലിബ്രേഷൻ നടത്തുകയും ചെയ്തിരുന്നു.