ഒരു നല്ല അവാർഡ് ഉണ്ടാക്കുന്നു, എന്നിട്ട് അർഹരായവരിൽ നിന്നും തട്ടിമാറ്റുന്നു: ഫിഫ ബെസ്റ്റിനെതിരെ കസിയ്യസ്!

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം ലയണൽ മെസ്സിയാണ് സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ സിറ്റി സൂപ്പർതാരമായ ഏർലിംഗ് ഹാലന്റിനെയാണ് മെസ്സി മറികടന്നത്. എന്നാൽ മെസ്സിക്ക് ഫിഫ ബെസ്റ്റ് നൽകിയതിൽ വിവാദം കൊടുമ്പിരി കൊണ്ടിരിക്കുകയാണ് ഇപ്പോൾ. തികച്ചും അനർഹമായ പുരസ്കാരമാണ് ലയണൽ മെസ്സി നേടിയതെന്ന് പലരും ഇപ്പോൾ ശക്തമായി വാദിച്ച് കൊണ്ടിരിക്കുന്നുണ്ട്.

ഈ പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ റയൽ മാഡ്രിഡിന്റെ സ്പാനിഷ് ഇതിഹാസമായ ഐകർ കസിയ്യസ് രംഗത്ത് വന്നിരുന്നു. ഫിഫ ബെസ്റ്റിന്റെ അർഹതയെയാണ് അദ്ദേഹം ചോദ്യം ചെയ്തിട്ടുള്ളത്. അർഹരായവരിൽ നിന്നും ഫിഫ ഈ പുരസ്കാരങ്ങൾ തട്ടി മാറ്റുന്നു എന്നാണ് ഇദ്ദേഹം ആരോപിച്ചിട്ടുള്ളത്. എക്സിലാണ് തന്റെ അഭിപ്രായപ്രകടനം കസിയ്യസ് നടത്തിയിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നിങ്ങൾ മനോഹരമായ അവാർഡുകൾ സൃഷ്ടിക്കുന്നു. എന്നിട്ട് നിങ്ങൾ കാര്യങ്ങൾ ന്യായമായ രീതിയിൽ കൈകാര്യം ചെയ്യാതെ അർഹരായവരിൽ നിന്നും അത് തട്ടി മാറ്റുന്നു. ഏതായാലും എല്ലാവർക്കും ശുഭരാത്രി ” ഇതായിരുന്നു ഫിഫ ബെസ്റ്റ് പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ കസിയ്യസ് തന്റെ എക്സില്‍ കുറിച്ചിരുന്നത്.

അതായത് ലയണൽ മെസ്സി ഈ പുരസ്കാരം അർഹിച്ചിരുന്നില്ല എന്ന് തന്നെയാണ് അദ്ദേഹത്തിന്റെ ഈ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്. അർഹതപ്പെട്ട ഹാലന്റിൽ നിന്നും ഫിഫ ഈ പുരസ്കാരം തട്ടിമാറ്റി എന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്. ഏതായാലും ഈ വിഷയത്തിൽ ഇപ്പോൾ വിവാദങ്ങൾ വർദ്ധിക്കുകയാണ്. ഫിഫയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആരാധകർ സാമൂഹിക മാധ്യമങ്ങളിൽ സജീവമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *