ഒരു കിരീടം കൂടി കിട്ടി : അർജന്റീനയെ പരിഹസിച്ച് നെയ്മർ!

ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്രസീൽ ജപ്പാനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 77-ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി സൂപ്പർതാരം നെയ്മർ ജൂനിയർ ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. ഈ ഗോളാണ് ബ്രസീലിന് വിജയം സമ്മാനിച്ചത്. ഈ സൗഹൃദമത്സരത്തിൽ വിജയിച്ചതിന് ബ്രസീൽ ടീമിന് കിറിൻ കപ്പ് സമ്മാനിക്കുകയും ചെയ്തിരുന്നു.

ഈ കിരീടവുമായി നിൽക്കുന്ന ഒരു ചിത്രം സൂപ്പർ താരം നെയ്മർ ജൂനിയർ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിൽ പങ്കുവെച്ചിരുന്നു. ബ്രസീലിയൻ താരങ്ങളായ റഫീഞ്ഞ,റിച്ചാർലീസൺ എന്നിവർക്കൊപ്പമുള്ള സെൽഫിയാണ് നെയ്മർ പങ്കു വെച്ചിട്ടുള്ളത്. അതിന്റെ ക്യാപ്ഷനായികൊണ്ട് നെയ്മർ കുറിച്ചത് ഇങ്ങനെയാണ്. ” ഒരു കിരീടം കൂടി കിട്ടിയിരിക്കുന്നു,ഏതാണെന്ന് എനിക്കറിയേണ്ട ആവിശ്യം കൂടിയില്ല ” ഇതാണ് നെയ്മർ എഴുതിയിരിക്കുന്നത്. കൂടാതെ ചിരിക്കുന്ന ഒരു ഇമോജിയും നെയ്മർ ചേർത്തിട്ടുണ്ട്.

പ്രമുഖ ബ്രസീലിയൻ മാധ്യമമായ UOL ഇതിനൊരു വിശദീകരണം കൂടി നൽകിയിട്ടുണ്ട്. അതായത് ഫൈനലിസിമ കിരീടം നേടിക്കൊണ്ട് ആഘോഷിച്ച അർജന്റൈൻ ടീമിനെ പരിഹസിക്കുകയാണ് യഥാർത്ഥത്തിൽ നെയ്മർ ചെയ്തത് എന്നാണ് ഇവരുടെ കണ്ടെത്തൽ. നേരത്തെ തന്നെ നെയ്മർ അർജന്റീന ടീമിനെ പരിഹസിച്ചിരുന്നു.

ഫൈനലിസിമ കിരീട നേട്ടം ആഘോഷിക്കുന്നതിനിടെ ബ്രസീലിനെതിരെ പ്രകോപനപരമായ ചാന്റുകൾ അർജന്റൈൻ താരങ്ങൾ മുഴക്കുന്നതിന്റെ വീഡിയോ പുറത്തേക്ക് വന്നിരുന്നു.അവർ വേൾഡ് കപ്പാണോ നേടിയത് എന്നായിരുന്നു പരിഹാസരൂപേണ നെയ്മർ ചോദിച്ചിരുന്നത്. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയെ UOL വിലയിരുത്തുന്നത്.

ഏതായാലും സമീപകാലത്ത് അർജന്റീനയും ബ്രസീലും തമ്മിലുള്ള ചിരവൈരിത ഒരല്പം വർദ്ധിച്ചിട്ടുണ്ട്. ഈ വരുന്ന സെപ്റ്റംബറിൽ അർജന്റീനയും ബ്രസീലും വേൾഡ് കപ്പ് യോഗ്യതാ മത്സരത്തിൽ ഏറ്റുമുട്ടുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *