ഒരുപാട് പ്ലാനുകൾ ഉണ്ടായിരുന്നു, എല്ലാം തകർത്തത് മെസ്സി: തുറന്ന് പറഞ്ഞ് എതിർ പരിശീലകൻ!
കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന കാനഡയെ പരാജയപ്പെടുത്തിയിട്ടുള്ളത്. സൂപ്പർ താരങ്ങളായ ഹൂലിയൻ ആൽവരസ്,ലൗറ്ററോ മാർട്ടിനസ് എന്നിവരാണ് അർജന്റീനക്ക് വേണ്ടി ഗോളുകൾ നേടിയത്. മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത മെസ്സി ഒരു അസിസ്റ്റ് സ്വന്തമാക്കിയിട്ടുണ്ട്.രണ്ട് ഗോളുകളിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. എന്നാൽ ചില സുവർണ്ണാവസരങ്ങൾ അദ്ദേഹം പാഴാക്കിയത് തികച്ചും അത്ഭുതപ്പെടുത്തിയ കാര്യമായിരുന്നു.
ലയണൽ മെസ്സിയെ കുറിച്ച് കനേഡിയൻ പരിശീലകനായ ജെസേ മാർഷ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. മെസ്സിയെയും അർജന്റീനയേയും തടയാൻ ഒരുപാട് പ്ലാനുകൾ ഉണ്ടായിരുന്നുവെന്നും എന്നാൽ അതെല്ലാം മെസ്സി തന്നെ തകർത്തു എന്നുമാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.ഇന്നലത്തെ മത്സരത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.മാർഷിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“മെസ്സിക്ക് സ്‌പേസ് നൽകാതിരിക്കുന്നതിനെ കുറിച്ച് ഞങ്ങൾ ഒരുപാട് സംസാരിച്ചിരുന്നു. മാത്രമല്ല മെസ്സിയെ ടാക്കിൾ ചെയ്യരുതെന്നും ഞാൻ എന്റെ താരങ്ങളോട് ആവശ്യപ്പെട്ടിരുന്നു. കാരണം മെസ്സിയെ ടാക്കിൾ ചെയ്തിട്ട് കാര്യമില്ല.അദ്ദേഹം അത് മറികടക്കും. ഞാൻ ഒരുപാട് തവണ മെസ്സിക്കെതിരെ കളിച്ചിട്ടുണ്ട്. ഈ മത്സരത്തിലും ഞങ്ങൾ ഒരുപാട് പ്ലാനുകൾ നടപ്പിലാക്കിയിരുന്നു.ചിലതൊക്കെ ഫലം കണ്ടിട്ടുണ്ട്.പക്ഷേ പലതും മെസ്സി തകർത്തു.മികച്ച പ്രകടനമാണ് മെസ്സി നടത്തിയത്. അർജന്റീന നേടിയ 2 ഗോളുകൾക്ക് പിറകിലും മെസ്സിയായിരുന്നു ഉണ്ടായിരുന്നത് “ഇതാണ് മാർഷ് പറഞ്ഞിട്ടുള്ളത്.
അമേരിക്കൻ പരിശീലകനായ മാർച്ച് ആർബി ലീപ്സിഗ്,ലീഡ്‌സ് യുണൈറ്റഡ് എന്നിവരെ പരിശീലിപ്പിച്ചിട്ടുണ്ട്.അതിനുശേഷമാണ് അദ്ദേഹം കാനഡയുടെ പരിശീലകസ്ഥാനത്തേക്ക് എത്തിയത്. കാനഡ അടുത്ത മത്സരത്തിൽ പെറുവിനെയാണ് നേരിടുക. മുന്നോട്ട് പോകണമെങ്കിൽ അവർക്ക് മത്സരത്തിൽ വിജയം അനിവാര്യമാണ്.