എൻസോക്ക് പണി കിട്ടി,ഇനി ഡ്രൈവ് ചെയ്യാൻ സാധിക്കില്ല!

അർജന്റൈൻ സൂപ്പർ താരമായ എൻസോ ഫെർണാണ്ടസ് സമീപകാലത്ത് ഒരല്പം വിവാദങ്ങളിൽ അകപ്പെട്ട താരമാണ്. കോപ്പ അമേരിക്ക കിരീടം നേടിയതിനു ശേഷം അദ്ദേഹം നടത്തിയ റേസിസ്റ്റ് ചാന്റ് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ തന്റെ തെറ്റ് എൻസോ ഉടൻതന്നെ മാപ്പ് പറയുകയും ചെയ്തിരുന്നു.കൂടാതെ ചെൽസിയിൽ എത്തിയ ശേഷവും എൻസോ തന്റെ സഹതാരങ്ങളോട് മാപ്പ് പറഞ്ഞിരുന്നു.

ഇതിനുപുറമേ മറ്റൊരു വിവാദത്തിൽ കൂടി അദ്ദേഹം അകപ്പെട്ടിരുന്നു. ഡ്രൈവിംഗ് നിയമലംഘനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. രണ്ട് തവണയാണ് അദ്ദേഹം നിയമലംഘനം നടത്തിയിട്ടുള്ളത്.രണ്ട് തവണയും വാഹനം നിർത്താതെ പോയി. മാത്രമല്ല പോലീസിന് മുൻപാകെ ഐഡികൾ ഹാജരാക്കാൻ ഈ താരത്തോട് നിർദ്ദേശിച്ചിരുന്നു. അതിനും എൻസോ ഫെർണാണ്ടസ് വിസമ്മതിക്കുകയായിരുന്നു.കഴിഞ്ഞവർഷം ഡിസംബർ 27, ഈ വർഷം ജനുവരി 24 എന്നീ തീയതികളിലാണ് അദ്ദേഹം ഡ്രൈവിംഗ് നിയമലംഘനം നടത്തിയിട്ടുള്ളത്.

ഈ കേസുകളിൽ ഇപ്പോൾ ലാനെല്ലി മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചു എന്നുള്ള കാര്യം പ്രമുഖ മാധ്യമമായ സ്‌കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആറുമാസത്തെ ഡ്രൈവിംഗ് വിലക്കാണ് ഇദ്ദേഹത്തിന് ഏർപ്പെടുത്തിയിട്ടുള്ളത്. അതായത് സെപ്റ്റംബർ പതിനൊന്നാം തീയതി മുതൽ 6 മാസത്തേക്ക് അദ്ദേഹത്തിന് ഇംഗ്ലണ്ടിൽ ഡ്രൈവ് ചെയ്യാൻ കഴിയില്ല.ഇതിനുപുറമേ പിഴയും ചുമത്തിയിട്ടുണ്ട്. ആകെ 3020 പൗണ്ടാണ് താരം പിഴയായി കൊണ്ട് അടക്കേണ്ടി വരുന്നത്. ഇനി ആറ് മാസത്തേക്ക് ഡ്രൈവ് ചെയ്യാൻ മറ്റൊരാളുടെ സഹായം ഈ അർജന്റൈൻ സൂപ്പർതാരം തേടേണ്ടി വന്നേക്കും.

ഇത്തവണത്തെ ഇന്റർനാഷണൽ ബ്രേക്കിൽ അർജന്റീനയോടൊപ്പം പങ്കെടുക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. ഇനി ചെൽസിയിലേക്ക് മടങ്ങുകയാണ് ഈ മിഡ്ഫീൽഡർ ചെയ്യുന്നത്.

പ്രീമിയർ ലീഗിൽ ഇത്തവണയും ചെൽസിക്ക് ബുദ്ധിമുട്ടേറിയ ഒരു തുടക്കമാണ് ലഭിച്ചിട്ടുള്ളത്.മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു വിജയമാണ് അവർ നേടിയിട്ടുള്ളത്.എൻസോ മൂന്ന് മത്സരങ്ങളിലും കളിച്ചിട്ടുണ്ടെങ്കിലും ഗോളുകളോ അസിസ്റ്റുകളോ നേടാൻ കഴിഞ്ഞിട്ടില്ല. അടുത്ത മത്സരത്തിൽ ചെൽസി ബേൺമൗത്തിനെയാണ് നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *