എല്ലാവരോടും മാപ്പ് പറഞ്ഞ് മെസ്സിയുടെ ചൈനീസ് ആരാധകൻ, പിന്നാലെ ശിക്ഷയും കിട്ടി!

കഴിഞ്ഞ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ വിജയം നേടാൻ ലോക ചാമ്പ്യന്മാരായ അർജന്റീനക്ക് സാധിച്ചിരുന്നു.എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഓസ്ട്രേലിയയെ അർജന്റീന പരാജയപ്പെടുത്തിയത്. ചൈനയിൽ വെച്ചായിരുന്നു ഈ മത്സരം നടന്നിരുന്നത്. സൂപ്പർ താരം ലയണൽ മെസ്സി ഈ മത്സരത്തിൽ തകർപ്പൻ ഒരു ഗോൾ നേടിയിരുന്നു. ഈ മത്സരം അവസാനിച്ചതിന് പിന്നാലെ മെസ്സി അർജന്റീന ക്യാമ്പിനോട് വിടപറയുകയും ചെയ്തിരുന്നു.

ഈ മത്സരത്തിനിടയിൽ ഒരു ചൈനീസ് ആരാധകൻ മൈതാനത്തേക്ക് അതിക്രമിച്ചു കടന്നിരുന്നു. ലയണൽ മെസ്സിയെ ഹഗ് ചെയ്യാൻ വേണ്ടിയായിരുന്നു ആ ആരാധകൻ കളിക്കളം കയ്യേറിയിരുന്നത്.മെസ്സിയെ ഹഗ് ചെയ്തതിനുശേഷം ഇദ്ദേഹം സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ചിരുന്നു. പിന്നീട് എമിലിയാനോ മാർട്ടിനസിന് കൈക്കൊടുത്ത ശേഷമാണ് അദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. തൂക്കിയെടുത്ത് കൊണ്ടുപോകുമ്പോഴും വളരെയധികം സന്തോഷത്തോടുകൂടിയായിരുന്നു ആ ആരാധകൻ ഉണ്ടായിരുന്നത്.

ഡി എന്ന് പേരുള്ള കേവലം 18 വയസ്സ് മാത്രം പ്രായമുള്ള ഒരു ആരാധകനാണ് ഈ പ്രവർത്തി ചെയ്തിട്ടുള്ളത്. ഇതിന് പിന്നാലെ അദ്ദേഹം മാപ്പ് പറഞ്ഞു കൊണ്ടുള്ള ഒരു വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. തന്റെ പെരുമാറ്റത്തിന് എല്ലാവരോടും മാപ്പ് പറയുന്നുവെന്നും എന്നാൽ കടുത്ത മെസ്സി ആരാധകനായതിനാലാണ് അത് ചെയ്തത് എന്നുമാണ് ഡി വീഡിയോയിൽ പറഞ്ഞിട്ടുള്ളത്. ഇനി നേരായ മാർഗ്ഗത്തിലൂടെ മെസ്സിയെ കാണണമെന്നും ഓട്ടോഗ്രാഫ് വാങ്ങണമെന്നും ഡി കൂട്ടിച്ചേർത്തിട്ടുണ്ട്.

ഏതായാലും ചൈനീസ് അതോറിറ്റി ഈ വ്യക്തിക്കെതിരെ ഇപ്പോൾ നടപടി സ്വീകരിച്ചിട്ടുണ്ട്. ആ സ്റ്റേഡിയത്തിൽ നിന്നും 12 മാസത്തെ വിലക്കാണ് ഈ ആരാധകന് ഏർപ്പെടുത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ ക്ഷമാപണം സ്വീകരിച്ചുകൊണ്ടാണ് ഈ ശിക്ഷ ഏർപ്പെടുത്തിയിട്ടുള്ളത്. ക്ഷമാപണം ഇല്ലായിരുന്നുവെങ്കിൽ ഇതിനേക്കാൾ കൂടുതൽ ശിക്ഷ അദ്ദേഹത്തിന് ലഭിക്കുമായിരുന്നുവെന്നും മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഏതായാലും ഫുട്ബോൾ ലോകത്തെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു ആരാധകനായി മാറാൻ ഇപ്പോൾ ഡീക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ പോർച്ചുഗലിന്റെ മത്സരത്തിലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാര്യത്തിൽ ഇതിന് സമാനമായ ഒരു സംഭവം നടന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *