എല്ലാം നേടി,മെസ്സിയുടെ അന്താരാഷ്ട്ര കരിയറിലെ വിമർശനങ്ങൾക്ക് വിട!

ഖത്തർ വേൾഡ് കപ്പിൽ ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു.പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീനയുടെ വിജയം വന്നിരുന്നത്. ലയണൽ മെസ്സി മുന്നിൽ നിന്ന് നയിച്ചപ്പോൾ അർജന്റീന അർഹിച്ച കിരീടമാണ് ഖത്തറിൽ സ്വന്തമാക്കിയിട്ടുള്ളത്.

ഒരു കാലത്ത് അന്താരാഷ്ട്ര കിരീടം ഇല്ലാത്തതിന്റെ പേരിൽ ഏറ്റവും കൂടുതൽ പഴി കേൾക്കേണ്ടിവന്ന താരമാണ് ലയണൽ മെസ്സി.മൂന്ന് ഫൈനലുകളിൽ തുടർച്ചയായി പരാജയപ്പെട്ടതോടുകൂടി മെസ്സി അർജന്റീനയുടെ ദേശീയ ടീമിൽ നിന്നും വിരമിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് തിരിച്ചുവന്ന മെസ്സി എല്ലാം വെട്ടിപ്പിടിക്കുകയും സമ്പൂർണ്ണനാവുകയും ചെയ്തു.

ലോകത്തെ ഏറ്റവും വലിയ കിരീടമായ വേൾഡ് കപ്പ് ലയണൽ മെസ്സി ഇപ്പോൾ സ്വന്തമാക്കി കഴിഞ്ഞു. അതിനു മുന്നേയായിരുന്നു യൂറോകപ്പ് ചാമ്പ്യന്മാരായ ഇറ്റലിയെ പരാജയപ്പെടുത്തി കൊണ്ട് അർജന്റീന ഫൈനലിസിമ കരസ്ഥമാക്കിയിരുന്നത്. അതിനു തൊട്ടുമുന്നേ ബ്രസീലിനെ പരാജയപ്പെടുത്തിക്കൊണ്ട് കോപ്പ അമേരിക്ക കിരീടം അർജന്റീന സ്വന്തമാക്കിയിരുന്നു.

നേരത്തെ തന്നെ ഒളിമ്പിക് ഗോൾഡ് മെഡലും അണ്ടർ 20 വേൾഡ് കപ്പ് കിരീടവുമൊക്കെ മെസ്സി കരസ്ഥമാക്കിയിരുന്നു. കൂടാതെ രണ്ടു വേൾഡ് കപ്പുകളിൽ ഗോൾഡൻ ബോൾ പുരസ്കാരവും മെസ്സി കരസ്ഥമാക്കിയിട്ടുണ്ട്. ചുരുക്കത്തിൽ അന്താരാഷ്ട്ര കരിയറിൽ ലയണൽ മെസ്സിക്ക് ഇനിയൊന്നും നേടാനില്ല.വിമർശകരുടെ എല്ലാ വിമർശനങ്ങൾക്കും ഇവിടെ അന്ത്യമാവുകയാണ്.

ഇനി ഫുട്ബോൾ കരിയറിൽ മെസ്സിക്ക് ഒന്നും തന്നെ തെളിയിക്കാനില്ല. ക്ലബ്ബ് തലത്തിലും അന്താരാഷ്ട്ര തലത്തിൽ മെസ്സി എല്ലാം നേടി കഴിഞ്ഞു. തീർച്ചയായും ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി കൊണ്ട് ലയണൽ മെസ്സിയെ വിലയിരുത്താം.

Leave a Reply

Your email address will not be published. Required fields are marked *