എന്റെ കരിയർ അവസാനത്തിലെത്തി കഴിഞ്ഞു : മെസ്സി

സൂപ്പർ താരം ലയണൽ മെസ്സി തന്റെ 35 ആമത്തെ വയസ്സിലും മികച്ച പ്രകടനം തന്നെയാണ് പുറത്തെടുക്കുന്നത്.ഈ സീസണിൽ ആകെ ക്ലബ്ബിനും രാജ്യത്തിനും വേണ്ടി 30 ഗോളുകളിൽ പങ്കാളിത്തം വഹിക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സീസണിൽ മെസ്സി ഒരല്പം പിറകോട്ട് പോയെങ്കിലും ഈ സീസണിൽ മെസ്സി അതിശക്തമായി തിരിച്ചുവരികയായിരുന്നു.

പക്ഷേ ലയണൽ മെസ്സി തന്റെ കരിയറിന്റെ അവസാന കാലഘട്ടത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. ഈ ഖത്തർ വേൾഡ് കപ്പ് തന്റെ കരിയറിലെ അവസാന വേൾഡ് കപ്പാണെന്ന് മെസ്സി തന്നെ പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ കരിയർ അവസാനത്തിൽ എത്തിക്കഴിഞ്ഞു എന്നുള്ള യാഥാർത്ഥ്യം മെസ്സി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ താൻ പരമാവധി ആസ്വദിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും മെസ്സി കൂട്ടിച്ചേർത്തു.അദ്ദേഹം മൂവി സ്റ്റാറിനോട് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

” കാര്യങ്ങളെ വ്യത്യസ്തമായ രീതിയിൽ ആസ്വദിക്കാൻ ഞാൻ പഠിച്ചു കഴിഞ്ഞു. അതിന്റെ കാരണം എന്റെ പ്രായം തന്നെയാണ്. സത്യം എന്തെന്നാൽ എന്റെ കരിയർ അവസാനത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.ഇന്ന് ഞാൻ എല്ലാ കാര്യങ്ങളും കൂടുതൽ ആസ്വദിക്കുന്നുണ്ട്. ക്ലബ്ബിലെയും നാഷണൽ ടീമിലെയും ഓരോ ദിവസവും ഞാൻ കൂടുതൽ ആസ്വദിക്കുകയാണ് ചെയ്യുന്നത് ” മെസ്സി പറഞ്ഞു.

ഖത്തർ വേൾഡ് കപ്പിനുള്ള ഒരുക്കത്തിലാണ് നിലവിൽ ലയണൽ മെസ്സിയുള്ളത്. കരിയറിൽ ഇതുവരെ ഒരു വേൾഡ് കപ്പ് കിരീടം നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടില്ല. ഇത്തവണ അതിനു സാധിക്കുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *