എന്ന് വിരമിക്കും? കൃത്യമായ മറുപടിയുമായി ലയണൽ മെസ്സി!

സൂപ്പർ താരം ലയണൽ മെസ്സി തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. അതിന്റെ തെളിവ് മെസ്സി യൂറോപ്പ്യൻ ഫുട്ബോൾ അവസാനിപ്പിച്ചത് തന്നെയാണ്. യൂറോപ്യൻ ഫുട്ബോളിൽ ഇനിയും കുറച്ചുകാലം കൂടി ചിലവഴിക്കാനുള്ള ബാല്യമുണ്ടായിട്ടും മെസ്സി അമേരിക്കയിലേക്ക് ചേക്കേറുകയായിരുന്നു. ഇനി യൂറോപ്പിലേക്ക് ഒരു തിരിച്ചു വരവില്ല എന്ന കാര്യം മെസ്സി തന്നെ പറയുകയും ചെയ്തിരുന്നു.

അർജന്റീനക്കൊപ്പം അടുത്ത വേൾഡ് കപ്പിൽ ലയണൽ മെസ്സി കളിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.ഫുട്ബോൾ കരിയറിന് എന്നാണ് വിരാമം കുറിക്കുക? പുതിയ അഭിമുഖത്തിൽ ലയണൽ മെസ്സിയോട് ചോദിച്ച ചോദ്യമാണ് ഇത്. വളരെ കൃത്യമായ രീതിയിൽ തന്നെ അദ്ദേഹം മറുപടി നൽകിയിട്ടുണ്ട്.മെസ്സിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഫുട്ബോളിൽ എന്റെ സ്വപ്നങ്ങളെല്ലാം ഞാൻ ഇപ്പോൾ സാക്ഷാത്കരിച്ചു കഴിഞ്ഞു. ഇനി കൂടുതലായിട്ട് എനിക്ക് ഒന്നും തന്നെ അവകാശപ്പെടാനില്ല.ഇതെല്ലാം നൽകിയതിന് ഞാൻ ദൈവത്തോടും എന്റെ സുഹൃത്തുക്കളോടും കുടുംബത്തോടും നന്ദി പറയുന്നു. ദൈവം എനിക്ക് ഇതുവരെ നൽകിയതെല്ലാം പരമാവധി ആസ്വദിക്കാനാണ് ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.എനിക്ക് ഇനി മികച്ച പ്രകടനം നടത്താൻ കഴിയില്ല എന്ന ഒരു മൊമന്റ് വരുമ്പോൾ എനിക്കത് തിരിച്ചറിയാൻ കഴിയും. ഫുട്ബോൾ ആസ്വദിക്കാൻ കഴിയാത്ത സമയം വരികയോ സഹതാരങ്ങളെ സഹായിക്കാൻ കഴിയാത്ത സമയം വരികയോ ചെയ്താൽ തീർച്ചയായും ഞാൻ അന്ന് വിരമിക്കും.ഞാൻ വളരെയധികം സ്വയം നിരീക്ഷിക്കുന്ന ഒരു വ്യക്തിയാണ്.ഞാൻ നന്നായി കളിക്കുന്നത് എപ്പോഴാണ്,ഞാൻ മോശമായി കളിക്കുന്നത് എപ്പോഴാണ് എന്നൊക്കെ കൃത്യമായി എനിക്ക് തന്നെ തിരിച്ചറിയാൻ സാധിക്കും. വിരമിക്കാനായി എന്ന് എനിക്ക് തോന്നിക്കഴിഞ്ഞാൽ ഞാൻ ഉടൻ തന്നെ വിരമിക്കും.എന്റെ പ്രായം ഞാനവിടെ പരിഗണിക്കില്ല. പക്ഷേ എനിക്ക് കുഴപ്പങ്ങൾ ഒന്നുമില്ലെങ്കിൽ ഞാൻ തീർച്ചയായും കളിക്കളത്തിൽ തുടരാൻ തന്നെ ശ്രമിക്കും “ഇതാണ് ലയണൽ മെസ്സി പറഞ്ഞിട്ടുള്ളത്.

അതായത് ടീമിനെയും സഹതാരങ്ങളെയും സഹായിക്കാൻ കഴിയാത്ത ഒരു കാലം വരുമ്പോൾ താൻ ഫുട്ബോൾ അവസാനിപ്പിക്കും എന്നാണ് ലയണൽ മെസ്സി പറഞ്ഞിട്ടുള്ളത്.അടുത്ത വേൾഡ് കപ്പിന് ശേഷം അധികകാലം ഒന്നും മെസ്സി അർജന്റീന ദേശീയ ടീമിൽ തുടരാൻ സാധ്യതയില്ല. അതേസമയം ലയണൽ മെസ്സിയുടെ കരാർ പുതുക്കാൻ തന്നെയാണ് അമേരിക്കൻ ക്ലബ്ബായ ഇന്റർമയാമി താല്പര്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *