എന്തുകൊണ്ട് പ്രതീക്ഷിച്ച പോലെ തിളങ്ങാൻ കഴിഞ്ഞില്ല?മെസ്സി പറയുന്നു!
ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ അർജന്റീനക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന ചിലിയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ അവസാനത്തിൽ ലൗറ്ററോ നേടിയ ഗോളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചത്. രണ്ട് മത്സരങ്ങളിൽ രണ്ടിലും വിജയിച്ച അർജന്റീന ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്.
മെസ്സി മത്സരത്തിന്റെ മുഴുവൻ സമയവും കളിച്ചിരുന്നു. മോശമല്ലാത്ത രൂപത്തിൽ അദ്ദേഹം കളിച്ചിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു പ്രകടനം അദ്ദേഹത്തിൽ നിന്നും വന്നിട്ടില്ല. അതിന്റെ കാരണം അസുഖങ്ങളും പരിക്കുമാണെന്ന് മെസ്സി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. മത്സരത്തിനിടെ അസ്വസ്ഥതകൾ ഉണ്ടായിരുന്നുവെങ്കിലും താൻ മത്സരം മുഴുപ്പിക്കുകയായിരുന്നുവെന്ന് മെസ്സി കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“കഴിഞ്ഞ കുറേ ദിവസമായി പനിയും തൊണ്ടവേദനയും എന്നെ അലട്ടുന്നുണ്ട്. അത് വെച്ചാണ് ഞാൻ കളിക്കുന്നത്. ഒരുപക്ഷേ അത് എന്നെ ബാധിച്ചിട്ടുണ്ടാവാം. കൂടാതെ ഇന്നത്തെ മത്സരത്തിനിടെ മസിൽ ഇഞ്ചുറി എന്നെ പിടി കൂടുകയും ചെയ്തിട്ടുണ്ട്.പക്ഷേ മത്സരം പൂർത്തിയാക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്.എന്നാൽ ഇഞ്ചുറി സീരിയസാവില്ല എന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” ഇതാണ് മെസ്സി മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സിയുടെ ഒരു ഷോട്ട് ഇന്ന് പോസ്റ്റിൽ ഇടിച്ച് മടങ്ങിയിരുന്നു.ചിലിയൻ ഗോൾകീപ്പറായ ബ്രാവോയുടെ മിന്നും പ്രകടനം അർജന്റീനക്ക് തടസ്സമാവുകയും ചെയ്തു. മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ ഒരു സുവർണ്ണാവസരം ലൗറ്ററോക്ക് ലഭിച്ചിരുന്നു.എന്നാൽ താരം അത് പാഴാക്കിക്കളയുകയായിരുന്നു.