ഉറുഗ്വയെ തകർത്തു, ആദ്യജയം നേടി മെസ്സിപ്പട!
ഈ കോപ്പ അമേരിക്കയിലെ ആദ്യ ജയം സ്വന്തമാക്കി അർജന്റീന. എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന വമ്പൻമാരായ ഉറുഗ്വയെ കീഴടക്കിയത്.മിഡ്‌ഫീൽഡർ ഗിഡോ റോഡ്രിഗസിന്റെ ഗോളാണ് അർജന്റീനക്ക് വിജയം നേടികൊടുത്തത്. ഈ ഗോളിന് വഴിയൊരുക്കിയത് സൂപ്പർ താരം ലയണൽ മെസ്സിയായിരുന്നു.ഇതോടെ ഗ്രൂപ്പിൽ അർജന്റീന ഒന്നാമതെത്തി.രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റാണ് അർജന്റീനയുടെ സമ്പാദ്യം.
Guido Rodriguez guides @Argentina to 1-0 victory over @Uruguay in @CopaAmerica 2021 with assist from Leo Messi-ah pic.twitter.com/BNkgEiGzE6
— Argentina Football Media (Eng) 🇦🇷 (@ARG_soccernews) June 19, 2021
മോളിന, അക്യുന, ഗിഡോ റോഡ്രിഗസ് എന്നിവർക്കൊക്കെ ആദ്യഇലവനിൽ സ്ഥാനം നൽകി കൊണ്ടാണ് സ്കലോണി ടീമിനെ കളത്തിലേക്കിറക്കിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അർജന്റീന ആക്രമിച്ചു കളിച്ചു.പതിമൂന്നാം മിനിറ്റിലാണ് അർജന്റീനയുടെ വിജയഗോൾ പിറന്നത്. മെസ്സിയുടെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെയാണ് ഗിഡോ റോഡ്രിഗസ് ഗോൾ കണ്ടെത്തിയത്. അർജന്റീനക്ക് വേണ്ടിയുള്ള താരത്തിന്റെ ആദ്യഗോളാണ് ഇത്.
പിന്നീടും മെസ്സിയുൾപ്പടെയുള്ള താരങ്ങൾ മികച്ച പ്രകടനം കാഴ്ച്ച വെച്ചു. എന്നിരുന്നാലും ഗോൾ മാത്രം അകന്നു നിൽക്കുകയായിരുന്നു.മറുഭാഗത്തുള്ള ഉറുഗ്വക്കാവട്ടെ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചില്ല. സുവാരസും കവാനിയുമൊക്കെ അണിനിരന്നിട്ടും ഉറുഗ്വക്ക് ഗോൾ കണ്ടെത്താനാവാതെ പോവുകയായിരുന്നു.ഇനി പരാഗ്വക്കെതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരം.